ഷോർട് ന്യൂസ് താൽക്കാലികമായി നിർത്തലാക്കുന്നു

ഏതാനും വർഷങ്ങളായി ലോകമെമ്പാടുമുള്ള വാർത്തകൾ ചുരുക്ക രൂപത്തിലാക്കി എളുപ്പത്തിൽ വായിച്ചെടുക്കാൻ പാകത്തിൽ നിങ്ങളിലേക്കെത്തിച്ചിരുന്ന ഷോർട് ന്യൂസ് സർവീസ് നിർത്തലാക്കാൻ തീരുമാനിച്ച വിവരം നിങ്ങളെ വ്യസന സമേതം അറിയിക്കുന്നു… ഈ കാലമത്രയും ഞങ്ങളോട് സഹകരിച്ച എല്ലാവര്ക്കും നന്ദി. ലൈവ് ന്യൂസ് ചാനലുകൾ തുടർന്നും ഞങ്ങളുടെ ആപ്പിൽ ലഭ്യമായിരിക്കും. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു…

സൗദിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം, നാല് പേർക്ക് പരിക്ക്

സൗദിയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു പേർ മരിച്ചു. മറ്റ്‌ നാലു പേർക്ക് പരിക്കേറ്റു. തായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് ഇന്നലെ രാത്രി അപകടങ്ങളുണ്ടായത്. പരിക്കേറ്റവരെ തായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

നിയമലംഘകര്‍ക്കായി പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ സൗദിയില്‍ അറസ്റ്റിലായത് 14,750 പേര്‍

സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 14,750 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ഓഗസ്റ്റ് 25 മുതല്‍ ഓഗസ്റ്റ് 31 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 8,684 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 4,028 പേരെ പിടികൂടിയത്.

ഖത്തറിലേക്ക് എത്തുന്ന ഇന്ത്യക്കാർക്ക് ഇനി ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല

ഇന്ത്യയിൽ നിന്നു ഖത്തറിൽ എത്തുന്നവർക്ക് ‍ഞായർ മുതൽ ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ല. എന്നാൽ, ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷനിലെ പ്രീ-റജിസ്‌ട്രേഷൻ, കോവിഡ് പരിശോധന എന്നിവയിൽ മാറ്റമില്ല. പുതുക്കിയ നയം 4ന് വൈകിട്ട് ദോഹ സമയം 6.00 നു പ്രാബല്യത്തിലാകും. ക്വാറന്റീൻ നീക്കിയത് ഫിഫ ലോകകപ്പ് കാണാൻ എത്തുന്നവർക്കും മറ്റു പ്രവാസികൾക്കും ആശ്വാസമായി. ഖത്തറിൽ താമസിക്കുന്ന പ്രവാസികൾ വിദേശത്തു നിന്നു മടങ്ങിയെത്തി 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് എങ്കിൽ ഹോം ക്വാറന്റീനിൽ കഴിയണം.

കാറിന്റെ പിന്‍ സീറ്റില്‍ ഹാഷിഷ് കയ്യോടെ പിടികൂടി കസ്റ്റംസ്

ഖത്തറില്‍ ഹാഷിഷ് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ലാന്‍ഡ് കസ്റ്റംസ് വിഭാഗം ആഭ്യന്തര മന്ത്രാലയ അധികൃതരുമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. അഞ്ച് കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. കാറിന്റെ പിന്‍സീറ്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 600 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഹമദ് തുറമുഖത്ത് വെച്ച് മാരിറ്റൈം കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിരുന്നു.