ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജേസണ്‍ റോയ് പുറത്ത്

2022 ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരവും ഓപ്പണര്‍ ബാറ്ററുമായ ജേസണ്‍ റോയ് ടീമില്‍ നിന്ന് പുറത്തായി. 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി) പ്രഖ്യാപിച്ചത്. ഇത്തവണ ഓസ്‌ട്രേലിയയാണ് ട്വന്റി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കും. ജോസ് ബട്‌ലറാണ് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍. ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ് തുടങ്ങിയവര്‍ ടീമിലിടം നേടി.

കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിലുള്ള പുതിയകാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നും എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19), അഞ്ചൽ അരീക്കൽ പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ (18) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

മങ്കിപോക്സിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തി

യുകെയില്‍ മങ്കിപോക്സിന്‍റെ പുതിയൊരിനം കൂടി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതുവരെ കണ്ടെത്തിയ കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ വൈറസ് . പുതിയ ഇനത്തിന്‍റെ ലക്ഷണങ്ങള്‍, രോഗതീവ്രത എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.വെസ്റ്റ് ആഫ്രിക്കയില്‍ പോയി തിരികെയെത്തിയ ആളിലാണ് രോഗം കണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ വെസ്റ്റ് ആഫ്രിക്ക- സെൻട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണെമന്നാണ് യുകെ നാഷണല്‍ ഹെല്‍ത്ത് ഏജൻസി അറിയിക്കുന്നത്.

എംബി രാജേഷിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലേക്ക് വരുന്ന സ്പീക്കർ എം ബി രാജേഷ് ചൊവ്വാഴ്ച മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന എം ബി രാജേഷിന് എം വി ഗോവിന്ദൻ കൈകാര്യം ചെയ്ത വകുപ്പുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.തദ്ദേശ- എക്‌സൈസ് വകുപ്പുകളായിരിക്കും എം ബി രാജേഷിന് ലഭിക്കുക.ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്.

ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സിക്ക് 50 കോടി അടിയന്തിര സഹായം

കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുകഅനുവദിച്ചത്. ജീവനക്കാര്‍ക്ക് ശമ്പള കുടിശികയ്ക്ക് പകരം വൗച്ചറും കൂപ്പണും നൽകണമെന്നും കോടതി പറഞ്ഞു. ആറാം തീയതിക്ക് മുന്‍പ് ഇതു വിതരണം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.