തീവെട്ടിക്കൊള്ള തുടരുന്നു; പെട്രോള്‍-ഡീസല്‍ വില ഇന്നും കൂട്ടി

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഒരു ലിറ്റർ ഡീസലിന് 37 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോൾ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയിൽ 103 രൂപ 77 പൈസയാണ് ഡീസൽ വില. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

കൊവിഡ് മരണം; ബിപിഎൽ കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി.കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വര്ഷം ധന സഹായം നൽകാനാണ് തീരുമാനമായത്. സംസ്ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കിൽ സഹായത്തിന് അർഹരാണെന്ന് ഉത്തരവിൽ പറയുന്നു.

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ജലനിരപ്പ് 136 അടിയായി

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ നിലവിലെ ജലനിരപ്പ് 136 അടിയാണ്. മഴയ്ക്ക് ശമനമുണ്ടെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് 136 അടിയാകുമ്പോഴാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കേണ്ടത്. സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം അനുവദനീയമായ സംഭരണ ശേഷി 142 അടിയാണ്. ഈ 142 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. സെക്കന്‍ഡില്‍ 3025 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. അതില്‍ 2150 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു

മുസ്‌ലിം സമുദായത്തിനുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, മറ്റു ന്യൂനപക്ഷ വിദ്യാര്‍ഥികളെ ബാധിക്കില്ലെന്നും ഹരജിയിലുണ്ട്. ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അനര്‍ഹര്‍ക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥാ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു.ഈ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് മുസ്ലിം വിഭാഗത്തിന് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാറിന്റെ പക്കല്‍ രേഖകളില്ല.

പാര്‍ട്ടി നിയമം കൈയിലെടുത്തതിന്റെ ദുരന്തം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് സതീശന്‍

കുട്ടിയെ വിട്ടുകിട്ടാന്‍ അമ്മ നിരാഹാരം ഇരിക്കുന്ന സംഭവത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. അനുപമയുടെ കുട്ടിയെ കൈമാറിയതില്‍ ക്രമക്കേടുണ്ടെന്നും സതീശന്‍ ആരോപിച്ചു. ആറ് മാസങ്ങള്‍ക്ക് മുന്‍പ് പരാതി പറഞ്ഞപ്പോള്‍ മന്ത്രി വീണാ ജോര്‍ജും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും എവിടെയായിരുന്നു എന്നും, അനുപമയ്ക്ക് നീതി കിട്ടണം എന്ന ആവശ്യത്തോടൊപ്പമാണ് തങ്ങളെന്നും വി.ഡി സതീശന്‍ പറഞ്ഞു.