പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ജീവനെടുത്തത് വൈദ്യുത കെണി; സഹോദരങ്ങളായ പ്രതികൾ പിടിയിൽ

പാലക്കാട് മുണ്ടൂരിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ മൂന്നു പേർ പിടിയിൽ. പ്രദേശവാസികളും സഹോദരങ്ങളുമായ അജീഷ്, അജിത്, സുജിത് എന്നിവരാണ് പിടിയിലായത്. ഇവരൊരുക്കിയ വൈദ്യുത കെണിയിൽ കുടുങ്ങിയാണ് കാട്ടാന ചരിഞ്ഞത്. മാനിനെയും പന്നിയെയും പിടിക്കാനാണ് വൈദ്യുതി കെണി വെച്ചതെന്ന് പ്രതികൾ മൊഴി നൽകി. ചൊവ്വാഴ്ച രാത്രിയാണ് കെണി വച്ചത്. വൈദ്യുത കെണിയിൽ കുടുങ്ങി പിടിയാന ചരിഞ്ഞതോടെ നാട്ടിൽ നിന്ന് പ്രതികൾ മുങ്ങിയിരുന്നു. നേരത്തെയും വന്യമൃഗങ്ങളെ പിടിക്കാൻ കെണി വച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചു.

കണ്ണൂരിൽ പശുക്കളിലെ പേവിഷബാധ; വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണനയിൽ

കണ്ണൂരിൽ പശുക്കളിലെ പേ വിഷബാധയിൽ കർശന ജാഗ്രതയെന്ന് കണ്ണൂർ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിർദേശം നൽകി. രോഗബാധ സംശയിച്ചാൽ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്ന് സൂപ്രണ്ട് ആവശ്യപ്പെട്ടു.വളർത്തുമൃഗങ്ങൾക്കും വാക്സിൻ പരിഗണയിലുണ്ട്. പശുക്കൾ ചത്താൽ ദുരന്തനിവാരണ ഫണ്ടിൽ നിന്നും ധനസഹായം നൽകും. പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു.

ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ നടപടികൾ ഇന്നാരംഭിക്കും

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കൽ നടപടികൾ ഇന്നാരംഭിക്കും. പരിസ്ഥിതി ആഘാതം സംബന്ധിച്ച പഠന റിപ്പോർട്ട് കളക്ടർക്ക് നൽകി. മുൻകരുതലുകൾ സ്വീകരിച്ചാണ് പൊളിക്കൽ നടപടികൾ. 2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. കൊവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കൽ നീണ്ടുപോവുകയായിരുന്നു.

ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ഐസിസിയുടെ മുൻ എലൈറ്റ് പാനൽ അമ്പയർ ആസാദ് റൗഫ്(66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പാകിസ്ഥാനിലെ ലാഹോറിൽ വെച്ചാണ് മരണം.64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000ന് ശേഷം പാകിസ്ഥാനിൽ നിന്നുള്ള അമ്പയർമാരിൽ മുൻനിരയിൽ ആസാദ് റൗഫ് ഉണ്ടായിരരുന്നു. 2006ലാണ് ഐസിസിയുടെ എലൈറ്റ് പാനലിൽ ഉൾപ്പെടുന്നത്.ഐപിഎല്ലിലെ ഒത്തുകളി വിവാദത്തെ തുടർന്നാണ് ആസാദ് റൗഫിന്റെ അമ്പയറിങ് കരിയറിന് തിരിച്ചടി നേരിട്ട് തുടങ്ങിയത്.

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം; യാത്രയുടെ പുരോഗതി വിലയിരുത്തും

ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് വിശ്രമം. ദേശീയ നേതാക്കളുമായി രാഹുൽ ഗാന്ധി ചര്‍ച്ച നടത്തും. യാത്രയുടെ ഇതുവരെയുള്ള പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമാകും കൊല്ലത്തുണ്ടാവുക. ഒപ്പം ചില പൗര പ്രമുഖരേയും രാഹുൽ ഗാന്ധി സന്ദര്‍ശിച്ചേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവര്‍ത്തകർ നൽകിയത്.