നെഹ്റുട്രോഫി വള്ളംകളിയിൽ ജേതാക്കളായി കാട്ടിൽ തെക്കേതിൽ

ആവേശം നിറഞ്ഞ 68-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതില്‍ കിരീടം നേടി. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ കരസ്ഥാമാക്കി. ഹീറ്റ്സുകളിൽ മികച്ച സമയം കുറിച്ച ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടിൽ തെക്കെതിൽ എന്നീ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിച്ചത്. 4:30:77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഫിനിഷിങ് പോയിന്റിലെത്തിയത്.20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രി കെ എൻ ബാലഗോപാൽ മത്സരം ഉദ്ഘാടനം ചെയ്തു.

ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ല; ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കും: ഗവർണർ

ബില്ലുകൾ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭയുടെ പ്രത്യേക സമ്മേളനം ചേർന്ന് ബില്ലുകൾ പാസാക്കിയതായി വാർത്തയിലൂടെയാണ് അറിഞ്ഞത്. ബില്ലുകൾ നേരിട്ട് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയെ മറികടന്ന് തീരുമാനങ്ങളെടുക്കാറില്ല. എന്നാൽ ഭരണഘടനാനുസൃതമാണോയെന്ന് പരിശോധിച്ച് തന്റെ അധികാരം വിനിയോഗിക്കും. ഷൈലജയെ മാഗ്സസെ പുരസ്‌കാരത്തിന് പരിഗണിച്ചെങ്കിൽ അഭിനന്ദനാർഹം. പുരസ്‌കാരം നിരസിച്ചതിന്റെ രാഷ്ട്രീയത്തെ കുറിച്ചു പ്രതികരിക്കാനില്ലെന്നും ​ഗവർണർ വ്യക്തമാക്കി.

കനത്തമഴ:  തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു, യുവതിയെയും കുഞ്ഞിനെയും കാണാനില്ല

കനത്തമഴയെ തുടര്‍ന്ന് തിരുവനന്തപുരം പാലോടില്‍ 10 പേര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു. മൂന്ന് കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ രക്ഷിച്ചു. അമ്മയെയും കുഞ്ഞിനെയും ഇനിയും കണ്ടെത്താനുണ്ട്. ആറു വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും ആണ് കണ്ടെത്താൻ ഉള്ളത്. രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്.

‘ഓണാഘോഷത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ്’; അതിഥി തൊഴിലാളികള്‍ പിടിയില്‍

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വന്‍ കഞ്ചാവ് വേട്ട. പെരിന്തല്‍മണ്ണ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏക്സൈസ് സംഘം നടത്തിയ ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവുമായി അതിഥി തൊഴിലാളികളെ പിടികൂടിയത്. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ബലിയാറ, സൗത്ത് 24 പര്‍ഗാനാസ്, വെസ്റ്റ് ബംഗാള്‍, (31), ഫുള്‍ ഷാദ് ഷേഖ്, രാജ്ഭട്ടി, ബര്‍ദ്വാന്‍ ഡിസ്ട്രിക്ട്, വെസ്റ്റ് ബംഗാള്‍ (43) എന്നിവരാണ് പിടിയിലായത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; ചാണ്ടി ഉമ്മൻ ഉൾപ്പെടെ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ

വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ. ചാണ്ടി ഉമ്മൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുകുട്ടൻ, കെ.എസ്.യു. ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിള കോൺഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, സേവാദൾ മുൻ അധ്യക്ഷൻ എം.എ. സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരാംഗങ്ങൾ. യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണുള്ളത്.