ഓണം ആഘോഷിക്കാന്‍ 3200 രൂപ; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമപെൻഷനുമാണ് ഓണം കണക്കിലെടുത്ത് ഇന്നു മുതൽ വിതരണം ചെയ്യുന്നത്. രണ്ടുമാസത്തെ പെൻഷനായി 3200 രൂപയാണ് ലഭിക്കുക. പെൻഷൻ വിതരണത്തിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനകം പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

പരിശീലക സ്ഥാനത്തുനിന്ന് കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്

പരിശീലക സ്ഥാനത്തുനിന്ന് അനിൽ കുംബ്ലെയെ പുറത്താക്കി പഞ്ചാബ് കിംഗ്സ്. കുംബ്ലെയുമായി കരാർ പുതുക്കേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനിച്ചു. 2020 മുതൽ പഞ്ചാബ് കിംഗ്സിനൊപ്പമുള്ള കുംബ്ലെയുടെ പരിശീലനം വിമർശിക്കപ്പെട്ടിരുന്നതാണ്. കുംബ്ലെ പുറത്തായ ഒഴിവിൽ ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ ഓയിൻ മോർഗൻ പരിശീലക സ്ഥാനത്തെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാൽ, ഇതിൽ വ്യക്തതയില്ല. കുംബ്ലെ പരിശീലകനായതിനു ശേഷം ഒരിക്കൽ പോലും പഞ്ചാബ് കിംഗ്സിന് പ്ലേ ഓഫിലെത്താൻ സാധിച്ചിരുന്നില്ല.

വിഴിഞ്ഞം: അദാനിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; സമരം കടുപ്പിച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരത്തില്‍ നിന്ന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ തൊഴിലാളികളുടെ ജീവന് ഭീഷണിയാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊലീസ് സുരക്ഷ വേണമെന്നുമാണ് ആവശ്യം

മയക്കുമരുന്ന് ചേര്‍ത്ത ബിസ്ക്കറ്റ്; ട്രെയിൻ യാത്രക്കാരുടെ സ്വർണവും പണവും കവരും, സംഘത്തിലെ രണ്ടാമൻ പിടിയിൽ

ട്രെയിൻ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി സ്വർണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശി സുമൻ കുമാറിനെ നാഗ്പൂരിൽ നിന്നാണ് റെയിൽ പൊലീസും- ആർപിഎഫും ചേർന്നുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുർത്ഥൻ കുമാറിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിഴിഞ്ഞം സമരം ന്യായമെന്ന് സിപിഐ, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്.