കോഴിക്കോട് വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു

വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കടലിലകപ്പെട്ട അച്യുതനേയും അസീസിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്. എൻ എസ് എസിന് അവകാശപ്പെട്ട പതിനഞ്ച് ശതമാനം സീറ്റിലെ പ്രവേശനം സർക്കാർ നിയമ ഭേദതഗതി വഴി തട്ടിയെടുക്കുന്നതായി ഹർജിയിൽ പറയുന്നത്. 1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

രാജ്യത്ത് 5ജി സേവനം ഒക്ടോബർ 12 ന് ആരംഭിക്കും; പ്രഖ്യാപിച്ച് കേന്ദ്രം

രാജ്യത്ത് ഒക്ടോബർ 12ന് 5ജി സേവനം നൽകി തുടങ്ങുമെന്ന് എന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. തുടര്‍ന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് 5ജി സേവനം വ്യാപിപ്പിക്കുമെന്നും കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യാഴാഴ്ച പറഞ്ഞു. “5G സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുകയാണ്, ടെലികോം ഓപ്പറേറ്റർമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഒക്ടോബർ 12-നകം 5ജി സേവനങ്ങൾ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കും” ടെലികോം മന്ത്രി പറഞ്ഞു.

‘ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാം’, ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് തന്‍റെ ചുമതല: ഗവര്‍ണര്‍

ഏത് ബില്ലും സര്‍ക്കാരിന് പാസാക്കാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് ഉറപ്പാക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ബില്‍ യുജിസി ചട്ടം അനുസരിച്ചാണോയെന്ന് പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ വിസിക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ വിസി പുനര്‍നിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ്. കണ്ണൂര്‍ തന്‍റെ ജില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മാനിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.