മയക്കുമരുന്ന് ചേര്‍ത്ത ബിസ്ക്കറ്റ്; ട്രെയിൻ യാത്രക്കാരുടെ സ്വർണവും പണവും കവരും, സംഘത്തിലെ രണ്ടാമൻ പിടിയിൽ

ട്രെയിൻ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി സ്വർണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശി സുമൻ കുമാറിനെ നാഗ്പൂരിൽ നിന്നാണ് റെയിൽ പൊലീസും- ആർപിഎഫും ചേർന്നുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുർത്ഥൻ കുമാറിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വിഴിഞ്ഞം സമരം ന്യായമെന്ന് സിപിഐ, തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ പ്രമേയം

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വികസന പദ്ധതികളുടെ പേരില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ സമരത്തിലാണ്.

കോഴിക്കോട് വള്ളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു, ഒരാള്‍ നീന്തി രക്ഷപ്പെട്ടു

വടകര ചോമ്പാലയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്തല സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. പയ്യോളിയില്‍ നിന്നും മത്സ്യവുമായി ചോമ്പാലയിലേക്ക് വരുമ്പോള്‍ വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. കടലിലകപ്പെട്ട അച്യുതനേയും അസീസിനേയും നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്

എയിഡഡ് ഹോമിയോ മെഡിക്കൽ കോളേജിലെ സീറ്റ് തർക്കത്തിൽ സുപ്രീം കോടതിയെ സമീപിച്ച് എൻഎസ്എസ്. എൻ എസ് എസിന് അവകാശപ്പെട്ട പതിനഞ്ച് ശതമാനം സീറ്റിലെ പ്രവേശനം സർക്കാർ നിയമ ഭേദതഗതി വഴി തട്ടിയെടുക്കുന്നതായി ഹർജിയിൽ പറയുന്നത്. 1995ൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള കരാർ പ്രകാരം എൻഎസ്എസിന്റെ കീഴിലുള്ള കോട്ടയത്തെ എഎൻഎസ്എസ് മെഡിക്കൽ കോളേജിലെ പതിനഞ്ച് ശതമാനം സീറ്റുകളിലെ പ്രവേശനം എൻഎസ്എസിന് അവകാശപ്പെട്ടതാണ്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി, ചര്‍ച്ച പരാജയം

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ലത്തീൻ അതിരൂപതാ അധികൃതരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. തുറമുഖ നിർമാണം നിർത്തിവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയുമാണ് ചർച്ചയിൽ പങ്കെടുത്തത്. ക്ലിഫ് ഹൗസിൽ വൈകുന്നേരം മൂന്ന് മണിക്കായിരുന്നു ചർച്ച. ഫിഷറീസ് മന്ത്രിയുമായി നടത്തിയ രണ്ട് ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്.