റെഡ് അലർട്ട് പിൻവലിച്ചു: ഓറഞ്ച് അലർട്ട്‌ മൂന്ന് ജില്ലകളിൽ മാത്രം

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നുണ്ടായിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി.

കൊല്ലത്ത് യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവനന്തപുരം ആര്യനാട് വള്ളിമംഗലം തടത്തഴികത്ത് വീട്ടിൽ അശോകൻ മകൻ അനന്തു (23) ആണ് അഞ്ചാലുംമൂട് പൊലീസിൻ്റെ പിടിയിലായത്. കടവൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ തങ്കശ്ശേരി സ്വദേശിനി ജിഷ എന്ന യുവതിയെ ആണ് ഇയാൾ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക് മുന്നേറ്റം, അക്കാദമിക് ഇതര മുന്നേറ്റം, മറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ മുൻപന്തിയിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാവണം ഗ്രേഡിംഗ്.

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ; നിർമലാ സീതാരാമൻ

പുതിയ ഡാറ്റാ സംരക്ഷണ ബിൽ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. എല്ലാ മേഖലയിലും കൂടിയാലോചനകൾ നടത്തിയായിരിക്കും ബിൽ കൊണ്ടുവരികയെന്നും നിർമലാ സീതാരാമൻ പറഞ്ഞു. നേരത്തെ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. വിവര സംരക്ഷണ ബില്ലിന്റെ പുതിയ പതിപ്പ് മന്ത്രാലയം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.സൈബർ നിയമങ്ങളിൽ സമ്പൂർണ ഭേദഗതി കൊണ്ടുവരുമെന്നും പുതിയ ടെലികോം ബിൽ ഉടൻ അവതരിപ്പിക്കുമെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നു

രാജ്യത്ത് കൊറോണ കാലഘട്ടത്തിന് മുമ്പും ശേഷവും ആളുകൾ അന്ധമായി ആൻറിബയോട്ടിക്കുകൾ കഴിക്കുന്നതായി കണ്ടെത്തൽ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അസിത്രോമൈസിൻ ആണ്. പല മരുന്നുകളും ഡ്രഗ് റെഗുലേറ്ററിന്റെ അംഗീകാരം പോലും നേടിയിട്ടില്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. പ്രശസ്ത ആരോഗ്യമേഖലാ ജേണലായ ലാൻസെറ്റിന്റെ തെക്കുകിഴക്കൻ ഏഷ്യയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.