അതിതീവ്രമഴയ്ക്ക് സാധ്യത: തെക്കന്‍ ജില്ലകളില്‍ ചൊവ്വാഴ്ച റെഡ് അലെര്‍ട്ട്

സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാനുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ ചൊവ്വാഴ്ച (06-09-2022) റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴയ്ക്കാണ് സാധ്യത.

കരാർ അവസാനിപ്പിച്ച് പേടിഎം; ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്. പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ്സ് കമ്പനിയായ പേടിഎം പിന്മാറിയതോടെയാണ് മാസ്റ്റർകാർഡ് ഈ സ്ഥാനത്തെത്തുന്നത്. 2023 വരെ കരാറുണ്ടെങ്കിലും പേടിഎം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. 2022-23 സീസണിലാവും പ്രാഥമികമായി മാസ്റ്റർകാർഡ് ബിസിസിഐ മത്സരങ്ങൾ സ്പോൺസർ ചെയ്യുക.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് 

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനാണ് ലിസ് ട്രസ് റിഷി സുനകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ആഗസ്ത് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്.ലിസ് ട്രസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ നേരത്തെ തന്നെ പ്രവചിച്ചത്.

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്‌സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ വിദ്യാർത്ഥി മരിച്ച സംഭവം: ദുഃഖകരമെന്ന് ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. സാധ്യമായ എല്ലാ ചികിത്സയും നൽകണമെന്ന് നിർദേശിച്ചിരുന്നു. കുട്ടിയുടെ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും. വാക്സിനുമയി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു