രാജ്യത്തെ 14, 500 സ്കൂളുകൾ ആധുനിക രീതിയിൽ നവീകരിക്കും; പ്രധാനമന്ത്രി

പിഎം ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി രാജ്യത്തെ 14, 500 സ്കൂളുകൾ നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സ്‌കൂളുകളെ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റും. പ്രധാനമന്ത്രി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. “ ഇന്ന്, അധ്യാപക ദിനത്തിൽ ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (PM-SHRI) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും സാധ്യമാക്കും “ . – അദ്ദേഹം ട്വീറ്റ് ചെയ്തു.

‘യൂണിഫോം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുക്കാം’; ഹിജാബ് കേസില്‍ സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്‍റെ കാര്യത്തില്‍ കോളേജ് ഡെവലപ്മെന്‍റ് കമ്മറ്റികൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ ഹർജികൾ പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കികൊണ്ടുള്ള സർക്കാർ നടപടി ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു വിവിധ സംഘടനകളും വ്യക്തികളും ഹർജി നല്‍കിയത്. ഹിജാബ് ധരിക്കുന്നതില്‍ കേരള ഹൈക്കോടതി അനുകൂലമായി വിധിച്ചിട്ടുണ്ടെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കേസ് ഇനി ബുധനാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴ, ഒപ്പം ഇടിയും മിന്നലും; ശക്തമായ കാറ്റിനും സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്പഥ് ഇനി കര്‍ത്തവ്യപഥ്; പേര് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍

രാജ്പഥിന്റെ പേര് മാറ്റാൻ കേന്ദ്രസർക്കാർ. സെൻട്രൽ വിസ്ത പദ്ധതി പ്രദേശവും രാജ്പഥും ചേർന്ന മേഖല ഇനി കർത്തവ്യപഥ് എന്ന പേരിൽ അറിയപ്പെടുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിയമ വശങ്ങൾ പൂർത്തിയാക്കാൻ ഏഴാം തീയതി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ യോഗം വിളിച്ചിട്ടുണ്ട്.

വഞ്ചനയൊഴികെ മറ്റെന്തും സഹിക്കും; ഉദ്ധവിനെ പാഠം പഠിപ്പിക്കണം – ബിജെപി യോഗത്തില്‍ അമിത് ഷാ

ബിജെപിയെ വഞ്ചിച്ച ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയെ ‘പാഠം പഠിപ്പിക്കണ’മെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ബിജെപി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പ്രസ്താവിച്ചത്. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ മറ്റേതുസംഗതിയും പൊറുക്കാവുന്നതാണെന്നും അമിത് ഷാ പറഞ്ഞു.