മുഖ്യമന്ത്രിയുടെ വിമർശനം; പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത

ലത്തീൻ അതിരൂപതയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ലത്തീൻ അതിരൂപത. മന്ത്രിസഭാ ഉപസമിതിയുമായുള്ള യോഗത്തിലാണ് മന്ത്രിമാരെ പ്രതിഷേധം അറിയിച്ചത്. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ പതിനൊന്നംഗ സംഘം ചർച്ചയിൽ പങ്കെടുക്കുന്നു

തെരുവ് നായ ആക്രമണം: സർക്കാർ നിസ്സംഗരായി നില്‍ക്കുന്നു; രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ്

തെരുവ് നായ ആക്രമണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരുവ് നായ പ്രശ്നം നിയമസഭയിൽ അവതരിപിച്ചപ്പോൾ ഭരണപക്ഷം പുച്ഛിച്ചുവെന്നും വിഷയത്തില്‍ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമര്‍ശിച്ചു. ആക്രമണം തുടർക്കഥയാകുമ്പോഴും സർക്കാർ നിസ്സംഗരായി നില്‍ക്കുകയാണെന്ന് വിമര്‍ശിച്ച പ്രതിപക്ഷ നേതാവ്, രണ്ട് വർഷമായി ഒരിടത്തും വന്ധ്യംകരണം നടക്കുന്നില്ലെന്നും ആരോപിച്ചു. പ്രതിരോധ വാക്സിന്‍ പരിശോധനകളില്ലാതെയാണ് കൊണ്ട് വന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം

തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പുനെയിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി മരിച്ചത്. പെരുനാട് സ്വദേശിനിയാണ് അഭിരാമി. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് ആശുപത്രിക്കെതിരെ അഭിരാമിയുടെ അച്ഛനും അമ്മയും ഗുരുതര ആരോപണം നടത്തി.

അർഷ്ദീപ് സിംഗിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത സംഭവം; ഇടപെട്ട് കേന്ദ്രസർക്കാർ

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്താനെതിരായ മത്സരത്തിൽ ക്യാച്ച് കൈവിട്ടതിന് പിന്നാലെ അർഷ്ദീപ് സിംഗിൻറെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് ഖാലിസ്ഥാനം ബന്ധം കൂട്ടിച്ചേർത്ത സംഭവത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സംഭവത്തിൽ വിക്കിപീഡിയ ഉദ്യോഗസ്ഥരെ ഐടി മന്ത്രാലയം വിളിച്ചുവരുത്തി വിശദീകരണം തേടി. അർഷ്ദീപിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെ വന്നു എന്ന് വിശദീകരിക്കണമെന്ന് വിക്കിപീഡിയ അധികൃതരോട് കേന്ദ്രം ആവശ്യപ്പെട്ടു.

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖാപിയ്ക്കുകയും മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവർത്തിക്കുന്നതല്ലെന്ന് തിരുവനന്തപുരം വനം ഡിവിഷനിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പെന്ന നിലയിൽ നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു.