തൊടുപുഴയിൽ എം.ഡി.എം.എ യുമായി 2 യുവാക്കൾ പിടിയിൽ

തൊടുപുഴയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിൽ. തൊടുപുഴ പെരുമ്പിള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് (25) കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.6 ഗ്രാം എം.ഡി.എം.എ.കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് തൊടുപുഴയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പ്രിയ വർഗീസിന് തിരിച്ചടി; നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹ‍ർജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും.

അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണസമിതി പിരിച്ചുവിട്ടു

ആൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) കേസിൽ സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. ഫെഡറേഷൻ ഭരണത്തിനായി രൂപീകരിച്ച സമിതി കോടതി പിരിച്ചുവിട്ടു. ഭരണചുമതല ആക്ടിങ് സെക്രട്ടറി ജനറലിനു നൽകി. ഫേഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരാഴ്ച നീട്ടുകയും ചെയ്തിട്ടുണ്ട്. ഫിഫാ നിരോധനം ഒഴിവാക്കാനുള്ള ആദ്യപടിയാണ് ഇതെന്നാണ് അറിയാൻ കഴിയുന്നത്. അസോസിയേഷനിൽ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഫിഫയിൽനിന്ന് എ.ഐ.എഫ്.എഫിനെ ഈ മാസം 15ന് ഫിഫ സസ്‌പെൻഡ് ചെയ്തിരുന്നു.

കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഗുജറാത്തിലേക്ക് ഒഴുകുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി

ഗാന്ധിയുടെയും പട്ടേലിന്റേയും മണ്ണില്‍ ആരാണ് മയക്കുമരുന്ന് ഒഴുക്കുന്നത് എന്ന് രാഹുല്‍ ഗാന്ധി. ഗുജറാത്തിലേക്ക് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഒഴുകുന്നെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മയക്കുമരുന്ന് കണ്ടെത്തിയിട്ടും തുറമുഖ ഉടമയെ ചോദ്യം ചെയ്യാത്തതെന്നും. എന്തുകൊണ്ട് ഗുജറാത്തില്‍ മയക്കുമരുന്ന് കടത്തുന്നവരെ് എന്‍ സി ബി പിടികൂടുന്നില്ല എന്നും രാഹുല്‍ തന്റെ ട്വിറ്ററിൽ ചോദിക്കുന്നു.

ഇടക്കാല ജാമ്യം അനുവദിക്കണമെന്ന തീസ്തയുടെ ആവശ്യം; സുപ്രീംകോടതി നോട്ടീസ്

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റില്‍ കഴിയുന്ന തീസ്ത സെതല്‍വാദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സര്‍ക്കാരിനാണ് നോട്ടീസ്. വ്യാഴാഴ്ച നിലപാട് അറിയിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അടിയന്തിരമായി ഹര്‍ജി കേള്‍ക്കണമെന്ന തീസ്തയുടെ ആവശ്യം ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.