കോഴിക്കോട് കടപ്പുറത്ത് സംഗീത പരിപാടിക്കിടെ അപകടം; 58 പേർക്ക് പരുക്ക്

കോഴിക്കോട് കടപ്പുറത്ത് കാർണിവലിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് 58 പേർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടർന്ന് പൊലീസ് ഇടപെട്ട് പരിപാടി റദ്ദാക്കി. പരിപാടിക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതാണ് ബീച്ചിൽ വലിയ തിരക്കിനു കാരണമായതെന്നാണ് വിവരം.

ലോകായുക്ത നിയമഭേദഗതിയിൽ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ

ലോകായുക്ത നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. ബദല്‍ നിർദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച സി.പി.ഐയോട് ഭേദഗതിയില്‍ പരിശോധന ആകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സി.പി.ഐ വിയോജിപ്പറിയിച്ചത്. പുതിയ ഭേദഗതി നിയമത്തിന്‍റെ അന്തസത്ത ഇല്ലാതാക്കുന്നതാണെന്ന് സി.പി.ഐ അറിയിച്ചു.

വിഴിഞ്ഞം സമരം; ജനങ്ങളുടെ ആശങ്ക ന്യായം, തീരശോഷണം സംഭവിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

വിഴിഞ്ഞം സമരത്തെ അനുകൂലിച്ച് ജോസ് കെ മാണി എം.പി. ജനങ്ങളുടെ ആശങ്ക ന്യായമാണെന്നു പറഞ്ഞ ജോസ് കെ മാണി വിഴിഞ്ഞത്ത് തീരശോഷണം സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ചർച്ചക്ക് മുൻകൈ എടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്താനും ജോസ് കെ മാണി മറന്നില്ല. ഭരണഘടനാ പദവികളെ വരുതിക്ക് നിർത്താനാണ് എന്‍.ഡി.എ ശ്രമമെന്നും അതിന്‍റെ ഭാഗമാണ് ഗവർണറുടെ നടപടിയെന്നും മാണി വിമര്‍ശിച്ചു.

എ.കെ.ജി. സെന്ററില്‍ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു

ലോകായുക്ത നിയമഭേദഗതി ബില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കൂടിക്കാഴ്ച നടത്തുന്നു. എ.കെ.ജി. സെന്ററിലാണ് കൂടിക്കാഴ്ച. സി.പി.ഐയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിന് ശേഷമാണ് കാനം രാജേന്ദ്രന്‍ എ.കെ.ജി. സെന്ററിലെത്തിയത്.

ഭർത്താവ് ആത്മഹത്യ ചെയ്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

ഭർത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തി കുഴിയിലാണ് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്.