ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുന്നു; സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും എം വി ജയരാജന്‍

കേരള ഗവര്‍ണർ എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വ്വകലാശാല വിസിക്കെതിരായ ക്രിമിനൽ പരാമർശം ദൗർഭാഗ്യകരമാണ്. അദ്ദേഹം ഗവർണർ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും ജയരാജന്‍ പറഞ്ഞു.

അഭിമാനം പണയം വയ്ക്കാനില്ലെന്ന് സോണിയയോട് ആനന്ദ് ശർമ, സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു

കോൺഗ്രസിന് തിരിച്ചടിയായി വീണ്ടും മുതിർന്ന നേതാവിന്റെ രാജി. ആനന്ദ് ശർമ ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് സ്റ്റീയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം രാജി വച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കാണ് ആനന്ദ് ശർമ കത്ത് നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട യോഗങ്ങളിൽ ഒന്നും തന്നെ ക്ഷണിക്കുന്നില്ലെന്ന് വിമർശിച്ചാണ് രാജി. അഭിമാനം പണയം വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹിമാചലിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടി ഇറങ്ങുമെന്ന് ആനന്ദ് ശർമ സോണിയയെ അറിയിച്ചു.

ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം മരവിപ്പിച്ചതിന് പിന്നാലെ സിപിഎം നടത്തിയ ബന്ധുനിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഗവര്‍ണര്‍ പദവിയുടെ അന്തസ് ഉയര്‍ത്തിപിടിക്കുന്ന നടപടിയാണിത്. സര്‍വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്ത ക്ഷുദ്രശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ ഒറ്റക്കാവില്ല. വൈകിയെങ്കിലും ധീരമായ നിലപാട് സ്വീകരിച്ച ഗവര്‍ണറെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നതായും സുധാകരന്‍ പറഞ്ഞു.

ലോകായുക്ത ഭേദഗതിയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം

ലോകായുക്ത ഭേദഗതിയില്‍ സിപിഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കും. ബില്‍ ബുധനാഴ്ച നിയമസഭയില്‍ വന്നാലും നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ബില്ല് ഈ രൂപത്തില്‍ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. ബില്ല് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രശ്‌നം പരിഹരിക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദേശമാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.

ദുൽഖറും ഇനി 100 കോടി ക്ലബ്ബിൽ

ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന്റേയും സംവിധായകൻ. ഇപ്പോഴിതാ ആ​ഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്.