റഷ്യൻ സൈന്യത്തെ ഒഴിപ്പിക്കാൻ ഉക്രയ്‌ന്‌ അമേരിക്കയുടെ വൻ ആയുധസഹായം

റഷ്യക്കെതിരായ പ്രത്യാക്രമണത്തിന്‌ ആക്കം കൂട്ടാൻ ഉക്രയ്‌ന്‌ അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി ഡോളർ മതിക്കുന്ന റോക്കറ്റുകളും മറ്റ്‌ വെടിക്കോപ്പുകളുമാണ്‌ നൽകുന്നത്‌. നാലുമാസമായി തുടരുന്ന യുദ്ധത്തിൽ ഇത്‌ പതിനെട്ടാം തവണയാണ്‌ അമേരിക്ക ഉക്രയ്‌ന്‌ സൈനിക സഹായം എത്തിക്കുന്നത്‌. ഖെർസൺ, നിപ്രോ നദിയോട്‌ ചേർന്ന മേഖലകൾ എന്നിവിടങ്ങളിൽനിന്ന്‌ റഷ്യൻ സൈന്യത്തെ ഒഴിപ്പിക്കാനാണ്‌ ഉക്രയ്‌ന്റെ ശ്രമം. ഇതിനായാണ്‌ അമേരിക്ക കൂടുതൽ സഹായം വ്യക്തമാക്കുന്നത്‌.

അട്ടപ്പാടി മധു കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആൾക്കൂട്ട മ‍ർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന്റെ ഡ്രൈവർ ഷിഫാനെയാണ് കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഷിഫാൻ പിടിയിലായത്.

വനം ബഫർ സോൺ ഉത്തരവ്: സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി

ബഫർ സോണിൽ പുതിയ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ബഫർ സോണിൽ നിന്ന് ഒഴിവാക്കി. 2019 ഉത്തരവിലെ പ്രശന്ങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. സുപ്രീം കോടതിയെ സമീപിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി കഴിഞ്ഞ 27 ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് 2019ല ബഫർ സോൺ ഉത്തരവ് തിരുത്താൻ തീരുമാനമെടുത്തത്. വന്യജീവി സങ്കേതങ്ങളോട് ചേർന്ന് ജനവാസകേന്ദ്രങ്ങൾ അടക്കം ഒരു കിലോ മീറ്റർ ബഫർ സോണായി നിശ്ചയിച്ചുള്ളതാണ് 2019ലെ ഉത്തരവ്.

സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്ത് മദ്യവിൽപനശാലകൾക്ക് അവധി പ്രഖ്യാപിച്ചു

ആഗസ്റ്റ് 15 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ബെവ്കോ എംഡി ഉത്തരവിറക്കി. സ്വാതന്ത്രദിനം പ്രമാണിചാണ് അവധി പ്രഖ്യാപനം. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറഷന് കീഴിൽ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ചില്ലറ വിൽപ്പനശാലകൾക്കും അവധി ബാധകമാകും.

യാക്കോബായ – ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തിൽ നിയമനിര്‍മ്മാണം നടത്തുമെന്ന് സര്‍ക്കാര്‍

യാക്കോബായ- ഓർത്തഡോക്സ് പളളിത്തർക്കത്തിൽ നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നിയമമാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കണണെന്ന് കോടതി നിർദേശിച്ചു. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണോ ഈ നിയമനിർമാണമെന്ന് അറിയേണ്ടതുണ്ട്. തങ്ങൾക്കനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടായിട്ടും രാഷ്ട്രീയ കാരണങ്ങളാലാണ് സർക്കാർ കൈയ്യും കെട്ടി നോക്കുനിൽക്കുന്നതെന്ന് ഓർത്തഡോക്സ് സഭ കുറ്റപ്പെടുത്തി.