‘ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷനില്ല’; സംഭവം നാണക്കേടെന്ന് ബിജെപി എംപി വരുൺ ​ഗാന്ധി

റേഷൻകടയിലേക്ക് സാധനങ്ങൾ വാങ്ങാനെത്തുന്ന പാവങ്ങളോട് ദേശീപതാക വാങ്ങാൻ നിർബന്ധിച്ച സംഭവം നാണക്കേടാണെന്ന് ബിജെപി എംപി വരുൺ ​ഗാന്ധി. പതാക വാങ്ങാത്തവർക്ക് റേഷൻ നൽകുന്നില്ലെന്നും സംഭവം വലിയ നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തായിരുന്നു വരുൺ ​ഗാന്ധിയുടെ ആരോപണം. രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം പാവങ്ങൾക്ക് ഭാരമാവുന്നത് ദൗർഭാഗ്യകരമാണെന്നും വരുൺ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.

യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; നിയമന ഉത്തരവിൽ രാഷ്ട്രപതി ഒപ്പിട്ടു

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി സുപ്രീം കോടതി ജഡ്ജി യു യു ലളിതിനെ നിയമിച്ചു. നിയമന ഉത്തരവിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഈ മാസം 27ന് യു യു ലളിത് ചുമതലയേൽക്കും. ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസ് ആണ് ഉദയ് ഉമേഷ് ലളിത് എന്ന യു യു ലളിത്.നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ഓഗസ്റ്റ് 26ന് വിരമിക്കും.

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി. ബിൽ തയാറാക്കാനാണ് ഓർഡിനൻസുകൾ മടക്കി നൽകിയത്. ഗവർണറുടെ കടുംപിടുത്തത്തെ തുടർന്ന് അസാധുവായ ഓ‌ർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ ഇന്ന് രാവിലെ തീരുമാനിച്ചിരുന്നു.

വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ക്ക് ഇനി സ്വതന്ത്രമായി നിശ്ചയിക്കാം; നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍

വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. ഉയർന്ന നിരക്കിനും താഴ്ന്ന നിരക്കിനും ഏർപ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇനി വിമാന കമ്പനികൾക്ക് സ്വതന്ത്രമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാം. വിമാന ഇന്ധനത്തിന്റെ വില വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക.