സഹപാഠി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തൽ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂരിൽ സഹപാഠി ലഹരിമരുന്ന് നൽകി പീഢിപ്പിച്ചെന്ന വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ പോലീസ് മേധാവി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പരിശോധിക്കുമെന്ന് കണ്ണൂർ എസിപി ടി.കെ രത്നകുമാർ അറിയിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികൾ ഇരകളായോയെന്ന് പരിശോധിക്കും. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ നടപടിയെടുത്തുവെന്നും എസിപി പറഞ്ഞു.

ടെസ്ലയുടെ 700 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നതായി മസ്ക്

ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്.

‘സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാർ,നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കും’ മോദി

സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്.ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിൻറെ സ്വയംപര്യാപ്തതയെ തടയും .രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും .നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

നുപൂർ ശർമയ്ക്കെതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റി; അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തുടരും

പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് ആശ്വാസം. നുപൂറിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു. വധഭീഷണി ഉണ്ടെന്ന നുപുർ ശർമയുടെ വാദവും ഹജരാക്കിയ രേഖകളും കണക്കിലെടുത്താണ് എല്ലാ എഫ്ഐആറുകളും ദില്ലി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ, ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ര്ടാറ്റജിക് ഓപ്പറേഷൻസിന് (IFSO) കൈമാറാൻ തീരുമാനമെടുത്തതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ആശങ്കകൾ അകലുന്നു; ജലനിരപ്പ് താഴ്ന്ന് തുടങ്ങി

മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്ന് വിടില്ല. ജലനിരപ്പ് 2387.40 അടിയിൽ തുടരുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ പെരിയാ‍ർ തീരത്ത് ആശങ്ക ഒഴിഞ്ഞ് തുടങ്ങി. 138.85 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നതും സാവധാനത്തിലായിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുമെത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുമെന്നതിനാലാണ് കൂടുതൽ വെള്ളം തുറന്നു വിടേണ്ടെന്ന് റൂൾ ക‍ർവ് കമ്മറ്റി തീരുമാനിച്ചത്.