പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ്

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ് . വസതിയില്‍ വിശ്രമത്തിലാണ് പ്രിയങ്ക ഗാന്ധിയിപ്പോള്‍.വീണ്ടും താന്‍ കൊവിഡ് ബാധിതയായെന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്തിന് പുറത്ത് മാര്‍ച്ച് സംഘടിപ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പ്രിയങ്ക ഗാന്ധി കൊവിഡ് ബാധിതയായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ പ്രിയങ്കക്ക് കൊവിഡ് ബാധിച്ചിരുന്നു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യം

വധശ്രമക്കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ജാമ്യം. പരീക്ഷ എഴുതാനായി കോടതി ആര്‍ഷോയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്‌റ്റോടെ ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, കുറ്റകൃത്യം ആവര്‍ത്തിക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്.

പാലക്കാട് ചിറ്റില്ലഞ്ചേരിയിൽ പെണ്‍കുട്ടിയെ യുവാവ് കഴുത്ത് ഞെരിച്ചു കൊന്നു

ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയയാണ് കൊല്ലപ്പെട്ടത്. 24 വയസ്സായിരുന്നു. സംഭവത്തിൽ  മംഗലം ചിക്കോട്  സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സൂര്യപ്രിയ.

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണം: മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ഭര്‍ത്താവ് മെഹ്നാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിഫയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരെ ചുമത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. റിഫയ്ക്ക് വിവാഹ സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ പോക്‌സോ കേസ് ചുമത്തി മെഹ്നാസിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മെഹ്‌നാസ്. റിഫയുടെ ആത്മഹത്യയില്‍ മെഹ്‌നാസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനുമാണ് കേസ് എടുത്തിട്ടുള്ളത്.

കവി വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഭീമ കൊറേഗാവ് കേസ് പ്രതി കവി വരവരറാവുവിന് സുപ്രീം കോടതി ചിവ വ്യവസ്ഥകളോടെ സ്ഥിരംജാമ്യം അനുവദിച്ചു. പാർക്കിൻസൺ രോ​ഗത്തിന് ചികിത്സയിൽ കഴിയുന്നതിനാൽ ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് അദ്ദേഹത്തിന് ജാമ്യം നൽകിയത്. 82കാരനായ ഒരാളെ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്ന് സുപ്രിംകോടതി വിലയിരുത്തി. വിചാരണ കോടതിയുടെ പരിധി വിട്ട് പോകാൻ പാടില്ല, പാർക്കിൻസൺ രോ​ഗത്തിന്റെ ചികിത്സ എവിടെയാണെന്ന് എൻഐഎയെ അറിയിക്കണം തുടങ്ങിയ ചിവ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.