വിദേശ മോഡലുകളെ പരസ്യങ്ങളിൽ നിരോധിച്ച് നൈജീരിയ

വിദേശ മോഡലുകളെയും വോയിസ് ഓവർ ആർട്ടിസ്റ്റുകളെയും രാജ്യത്തെ പരസ്യത്തിൽ നിന്നും വിലക്കി നൈജീരിയ. രാജ്യത്തെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഒക്ടോബർ ഒന്നിന് നിയമം പ്രാബല്യത്തിൽ വരും. നിയമം നടപ്പിലാക്കുന്നതോടെ പരസ്യങ്ങളിൽ വിദേശ മോഡലുകൾക്ക് പൂർണ്ണമായും നിരോധനമേർപ്പെടുത്തുന്ന ആദ്യ രാജ്യമായി നൈജീരിയ മാറും.കഴിഞ്ഞയാഴ്ചയാണ് വിഷയത്തിൽ അന്തിമ തീരുമാനമുണ്ടായത്.

ചൈനയുടെ എച്ച്പിവി വാക്സിൻ 100 ​​ശതമാനം ഫലപ്രദമെന്ന് പഠനം

ചൈന വികസിപ്പിച്ച ആദ്യത്തെ എച്ച്പിവി (ഹ്യൂമൻ പാപ്പിലോമ വൈറസ്) വാക്സിനായ സെക്കോലിൻ ഫലപ്രദം. പ്രായപൂർത്തിയായ സ്ത്രീകൾക്ക് രണ്ട് തരം വൈറസുകൾക്കെതിരെ പൂർണ്ണ പ്രതിരോധശേഷി നൽകുമെന്ന് പഠനത്തിൽ പറയുന്നു. സിയാമെൻ യൂണിവേഴ്‌സിറ്റിയും സിയാമെൻ ഇന്നോവാക്‌സും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. യുഎസിനും യുകെയ്ക്കും ശേഷം സ്വതന്ത്രമായ സെർവിക്കൽ കാൻസർ വാക്‌സിൻ വിതരണം ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ചൈന മാറി.

ട്വിറ്റര്‍ മുന്‍ ജീവനക്കാരന്റെ വെളിപ്പെടുത്തലുകള്‍ തന്റെ പിന്‍മാറ്റം ശരിവെക്കുന്നു- മസ്‌ക്

ട്വിറ്ററിലെ മുന്‍ ജീവനക്കാരനായ പീറ്റര്‍ മഡ്ജ് സാറ്റ്‌കോയുടെ വെളിപ്പെടുത്തലുകള്‍ ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള 4400 കോടി ഡോളറിന്റെ കരാറില്‍ നിന്ന് പിന്‍മാറാനുള്ള തന്റെ തീരുമാനത്തെ ശരിവെക്കുന്നതാണെന്ന് ഇലോണ്‍ മസ്‌ക്. യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ നല്‍കിയ പുതിയ കത്തിലാണ് മസ്‌കിന്റെ നിയമകാര്യ സംഘം സാറ്റ്‌കോയുടെ ആരോപണങ്ങളും ചൂണ്ടിക്കാണിച്ചത്.

സോവിയറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കാലത്തെ പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് (91) അന്തരിച്ചു. നിലവിലെ റഷ്യയുടെ ഭാഗമായ പ്രിവോയ്ലിയില്‍ 1931-ല്‍ കര്‍ഷക കുടുംബത്തിലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനത്തിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1971-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി. 1985 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. പിന്നീട് സോവിയറ്റ് യൂണിയന്റെ എട്ടാമത്തെ പ്രസിഡന്റുമായി. 1991-ല്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിവന്നു.

ദുരിതം തീരുന്നില്ല; പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് 13 പേർ മരിച്ചു

പ്രളയത്തിൽപ്പെട്ടവരെ കയറ്റിയ ബോട്ട് മറിഞ്ഞ് പാകിസ്താനിൽ 13 പേർ മരിച്ചു. സിന്ധു നദിയിലാണ് അപകടമുണ്ടായത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിന്ധ് പ്രവിശ്യയിലെ ബിലാവൽപൂർ ഗ്രാമത്തിലാണ് അപകടമുണ്ടായത്.പ്രളയബാധിത മേഖലയിലുള്ളവരെ റിലീഫ് ക്യാമ്പിലേക്ക് മാറ്റുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്.