മലമ്പുഴ ഡാം നാളെ തുറക്കും: ഭാരതപ്പുഴയിലും മറ്റു നദികളിലും ജാഗ്രതാ നിർദ്ദേശം

മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ഓഗസ്റ്റ് 31)ന് രാവിലെ ഒമ്പതിന് സ്പിൽവേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 30) ആറ് മണിക്കുള്ള ജലനിരപ്പ് 113.93 മീറ്ററാണ്. ഇത് റൂൾ കർവ്വ് ലൈനിനേക്കാൾ രണ്ട് സെ.മീ. കൂടുതലാണ്. മലമ്പുഴ ഡാമിന്റെ താഴ് ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കനത്തമഴ; കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ

കേരളത്തിലെ 2 ജില്ലകളിൽ പ്രളയ സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ പ്രളയ സാഹചര്യം നിലനിൽക്കുന്നത്. മണിമലയാർ, അച്ചൻകോവിലർ, തൊടുപുഴ എന്നീ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്ഭാരതപുഴ, കരുവന്നൂർ,കീച്ചേരി, ചാലക്കുടി, പെരിയാർ , മീനച്ചൽ,മണിമല,തൊടുപുഴ, അച്ചൻകോവിൽ, പമ്പ എന്നീ നദികളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം,ഇടുക്കി, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ബെംഗളൂരു ഈദ് ഗാഹ് മൈതാനിയില്‍ ഗണേശചതുര്‍ത്ഥി ആഘോഷം വേണ്ട; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്

ബെംഗളൂരുവിലെ ഈദ് ഗാഹ് മൈതാനിയിൽ തത്കാലം ഗണേശചതുർത്ഥി ആഘോഷം നടത്തരുതെന്ന് സുപ്രീം കോടതി. കർണാടക വഖഫ് ബോർഡിന്റെ ഹർജിയിൽ സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഗണേശചതുർത്ഥിക്ക് ഒരു ദിവസം ബാക്കിനിൽക്കെയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്.

കനത്തമഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും വെള്ളപ്പൊക്കം കണക്കിലെടുത്തും കോട്ടയം ജില്ലയിൽ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (2022 ഓഗസ്റ്റ് 31) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. മുൻ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ല. അതിനിടെ കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര വിദ്യാലയങ്ങൾക്കും അംഗൻവാടികൾക്ക് അവധി ബാധകമാണ്.

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്:  മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി, രണ്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിലെ മൂന്നാം പ്രതി കോടതിയിൽ കീഴടങ്ങി. കോഴിക്കോട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങിയത്. ഇയാളുടെ അറസ്റ്റിനായി അന്വേഷണ സംഘം ശ്രമിക്കുന്നതിനിടെയാണ് കീഴടങ്ങൽ. കൃഷണപ്രസാദാണ് ടെലിഫോൺ എക്സ്ചേഞ്ചിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ റിമാൻഡ് ചെയ്തു. ക‍ൃഷ്ണപ്രസാദ് , കഴിഞ്ഞ ദിവസം റിമാൻഡിലയച്ച അബ്ദുൾ ഗഫൂർ എന്നിവർക്ക് വേണ്ടി അന്വേഷണ സംഘം നാളെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.