സോറന് ബിജെപി ഭീഷണി; ഝാര്‍ഖണ്ഡിലെ യുപിഎ എംഎല്‍എമാരെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ റിസോര്‍ട്ടിലെത്തിച്ചു

ബി.ജെ.പിയുടെ റാഞ്ചൽ ഭീഷണിയുടെ പശ്ചാത്തലത്തില്‍ റിസോർട്ട് രാഷ്ട്രീയത്തിന് തുടക്കംകുറിച്ച് ഝാര്‍ഖണ്ഡ് ഭരണപക്ഷം. മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യതാ ഭീഷണി നിൽക്കെയാണ് റായ്പുരുലെ മേയ് ഫ്ലവർ റിസോർട്ടിലേക്ക് ഭരണകക്ഷി എം.എൽ.എമാരെ മാറ്റിയത്. എം.എൽ.എമാരുമായി മുഖ്യമന്ത്രി ഹേമന്ദ് സോറൻ കോൺഗ്രസ് ഭരിക്കുന്ന അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ എത്തി.

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടി: മുഖ്യമന്ത്രി

ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കർശന നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഉയർന്ന ശിക്ഷ ഉറപ്പാക്കും. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റർ തയ്യാറാക്കുന്ന മാതൃകയിൽ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയ്യാറാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം; എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നാം തീയതി കാലടി, എയർപോർട്ട് മേഖലയിലും, രണ്ടിന് എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നിന് വൈകീട്ട് 5 മുതൽ 8 വരെ എയർപോർട്ട് കാലടി മേഖലയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. രണ്ടിന് പകൽ 11 മുതൽ രണ്ട് വരെ എയർപോർട്ടിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യത്രയ്ക്കായി എയർപോർട്ടിലേക്ക് വരുന്നവർ ഇതനുസരിച്ച് നേരത്തെ എത്തിച്ചേരേണ്ടതാണ്.

ആധാര്‍ കാര്‍ഡ് പരിശോധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാനാകില്ലെന്ന പരാമർശവുമായി ദില്ലി ഹൈകോടതി

ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് മുൻപ് ആധാർ കാർഡ് പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്താൻ സാധിക്കില്ലെന്ന് ദില്ലി ഹൈക്കോടതിയുടെ പരാമർശം. പ്രായപൂര്‍ത്തിയായില്ലെന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ ആൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത്തരം പരാമർശം നടത്തിയത്. സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുൻപ് രേഖകൾ പരിശോധിച്ച് ജനനത്തീയതി ഉറപ്പുവരുത്തേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

കനത്ത മഴ തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം കലക്ടര്‍

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (31/08/2022) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.