കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രം; ഹ്രസ്വകാല വായ്പകൾക്ക് 1.5 ശതമാനം പലിശ ഇളവ്

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ പ്രഖ്യാപാനം. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും

നിലവാരമില്ലാത്ത കുക്കറുകള്‍ വിറ്റതിന് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തി

ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഉത്പാദിപ്പിക്കുന്നതുമെല്ലാം നിയമപരമായി രാജ്യത്ത് കുറ്റം തന്നെയാണ്. ഈ രീതിയില്‍ നിലവാരമില്ലാത്ത കുക്കറുകൾ വിറ്റതിന് ഓണ്‍ലൈൻ വ്യാപാര ശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനിപ്പോൾ സിസിപിഎ പിഴ ചുമത്തിയിരിക്കുകയാണ്. ഒരു ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ടും പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചുവെന്ന വകുപ്പ് പ്രകാരമാണ് പിഴ. 598 പ്രഷര്‍ കുക്കറുകളാണ് നിലവാരമില്ലാത്തതായി ഫ്ളിപ്കാര്‍ട്ട് വിറ്റഴിച്ചിരിക്കുന്നത്.

ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.

ടെസ്ലയുടെ 700 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കുന്നതായി മസ്ക്

ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്.