ഇന്ത്യൻ നിക്ഷേപകരിലെ അതികായൻ രാകേഷ് ജുൻജുൻവാല അന്തരിച്ചു

ഇന്ത്യൻ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായി വിലയിരുത്തപ്പെടുന്ന രാകേഷ് ജുൻജുൻവാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ മുംബൈയിലെ വസതിയിൽ വെച്ച് ആരോഗ്യനില വഷളായി. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുൻജുൻവാല സ്വപ്രയത്നം കൊണ്ട് ഉന്നതങ്ങൾ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരിൽ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോൾ 5.8 ബില്യൺ ഡോളറായിരുന്നു.

ചെന്നൈ വിമാനത്താവളത്തിൽ 100 കോടിയുടെ മയക്കുമരുന്നുവേട്ട

ചെന്നൈ വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്നുവേട്ട. എത്യോപ്യയിൽ നിന്നെത്തിയ ഇക്ബാൽ പാഷയിൽ നിന്നാണ് 100 കോടി വിലമതിക്കുന്ന മയക്കുമരുന്നുകൾ പിടികൂടിയത്. ഇത് കൂടാതെ തായ്ലാന്‍റില്‍ നിന്ന് എത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നും പാമ്പുകളും കുരങ്ങുകളും അടക്കം എക്സോട്ടിക് അനിമൽസ് വിഭാഗത്തിൽപ്പെടുന്ന ചെറു ജീവികളേയും പിടികൂടി.

കശ്മീർ പോസ്റ്റ് വിവാദം: ദില്ലിയിലെ പരിപാടികൾ റദ്ദാക്കി കെടി ജലീൽ, കേരളത്തിലേക്ക് മടങ്ങി

കശ്മീർ പോസ്റ്റിനെ ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെടി ജലീൽ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി. ദില്ലിയിലെ പരിപാടികൾ റദ്ദാക്കിയാണ് അദ്ദേഹം മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാൽ പിന്നീട് യാത്ര പുലർച്ചെ മൂന്ന് മണിക്ക് നടത്താൻ നിശ്ചയിച്ചു. അദ്ദേഹം കേരളത്തിലെത്തി.

ഹൈബി ഈഡന് ആശ്വാസം: ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ

ഹൈബിൻ ഈഡൻ എംപിക്കെതിരായ ലൈംഗിക പീഡന കേസിൽ തെളിവില്ലെന്ന് സിബിഐ സംഘം കോടതിയിൽ റിപ്പോർട്ട് നൽകി. സോളാർ കേസ് പ്രതി നൽകിയ പരാതിയിലായിരുന്നു എംഎൽഎക്കെതിരെ കേസെടുത്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന സർക്കാരാണ് കേസ് സിബിഐയെ ഏൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ സംഘം രജിസ്റ്റർ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു. രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു മരിച്ചത്. അരുൺ എന്നയാൾക്ക് ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ആണ് സംഭവം . കുത്തേറ്റ മൂന്നാമൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മുങ്ങി എന്നാണ് സംശയം.