രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവം: കോൺഗ്രസുകാരെ പ്രതിയാക്കാൻ പൊലീസ് ശ്രമമെന്ന് ടി സിദ്ധിഖ്

രാഹുൽ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ്. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ വീട്ടിൽ പൊലീസ് അതിക്രമിച്ച് കയറിയെന്നാണ് അദ്ദേഹം പറയുന്നത്. എന്തിനാണ് വീടുവളഞ്ഞ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകുന്നതെന്ന് ചോദിച്ച എംഎൽഎ കേസിലെ യഥാർത്ഥ പ്രതികൾ ഇപ്പോഴും പുറത്തു നിൽക്കുകയാണെന്നും പറഞ്ഞു.

‘നിയമനം നടത്തിയത് സര്‍വ്വകലാശാല’, മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു

പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി സര്‍ക്കാര്‍ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഗവര്‍ണറുടെ നടപടിക്കെതിരെ വിസി, ‘കോടതിയെ സമീപിക്കും, കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാള്‍’

പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക മരവിപ്പിച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍. കോടതിയെ സമീപിക്കുമെന്ന് വി സി പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ. ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു.

ഇർഷാദിന്റെ കൊലപാതകം; പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി

പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു. നാസർ എന്ന സ്വാലിഹ്‌, നൗഷാദ്, ഉവൈസ് എന്നിവർക്ക് നോട്ടീസയച്ചു. പൊലീസ് റിപ്പോർട്ട് പ്രകാരമാണ് പാസ്‌പോർട്ട് റദ്ദാക്കലിന് മുന്നോടിയായുള്ള നോട്ടീസയച്ചത്. പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിക്കഴിഞ്ഞു.ഇർഷാദിനെ തട്ടിക്കൊണ്ടുപോയത് നാസർ എന്ന സ്വാലിഹിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു; കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടി

കണ്ണൂർ സർവകലാശാലയിൽ മുൻ എംപി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. ചാൻസലറുടെ അധികാരത്തിൽ വരുന്ന ചാപ്റ്റർ മൂന്നിലെ സെക്ഷൻ ഏഴ് പ്രകാരമാണ് നടപടി. താൻ ചാൻസലർ ആയിരിക്കുന്ന കാലം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്ന് നേരത്തെ ഗവർണർ വ്യക്തമാക്കിയിരുന്നു.