ഗൗതം അദാനിക്ക് ‘ഇസഡ്’ സുരക്ഷ നൽകി കേന്ദ്ര സർക്കാർ

ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദാനിക്ക് സുരക്ഷ നൽകാൻ തീരുമാനമായത്.പണം ഈടാക്കിയാകും സുരക്ഷ നൽകുക. പ്രതിമാസം 15 ലക്ഷം മുതൽ 20 ലക്ഷം രൂപയാകും ഈടാക്കുക. സിആർപിഎഫിനോട് അദാനിക്ക് സുരക്ഷ നൽകാനുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകി കഴിഞ്ഞു.

റോഹിങ്ക്യൻ അഭയാര്‍ത്ഥികൾക്ക് ഫ്ലാറ്റില്ല, തിരിച്ചയക്കും വരെ തടവിൽ; കേന്ദ്രമന്ത്രിയെ തള്ളി ആഭ്യന്ത്രമന്ത്രാലയം

റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ദില്ലിയിൽ ഫ്ലാറ്റ് നൽകുകയും പൊലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുമെന്ന കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ മലക്കം മറിഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ലാറ്റോ സംരക്ഷണമോ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടില്ലെന്നും അവരെ തിരിച്ചയക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ ട്വീറ്റ് തള്ളിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്.

ലോകായുക്ത : ‘വീരവാദം പറഞ്ഞ കാനം പിണറായിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, സിപിഐ വാദം സ്വീകാര്യമല്ല’: ചെന്നിത്തല

സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല. സിപിഐയുടെ പുതിയ വാദം സ്വീകാര്യമല്ലെന്ന് ചെന്നിത്തല പറഞ്ഞു. ലോകായുക്ത എടുക്കുന്ന തീരുമാനത്തിന്‍റെ പുറത്ത് അപ്പീലിന് വേണ്ടി കമ്മിറ്റി ഉണ്ടാക്കണമെന്നും കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെ ആളുകള്‍ക്ക് ഭൂരിപക്ഷം വേണമെന്നുമാണ് സിപിഐ വാദം. വീര വാദം പറഞ്ഞ കാനം രാജേന്ദ്രന്‍ ഒരിക്കല്‍ കൂടി ഇതിലൂടെ പിണറായിക്ക് അടിയറവ് പറഞ്ഞിരിക്കുകയാണ്. സിപിഐ ജനങ്ങളെ വഞ്ചിക്കുകയാണ്. കണ്ണിൽ പൊടിയിടാനാണ് സിപിഐയുടെ പുതിയ നിർദ്ദേശമെന്നും ചെന്നിത്തല പറഞ്ഞു.

കർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്രം; ഹ്രസ്വകാല വായ്പകൾക്ക് 1.5 ശതമാനം പലിശ ഇളവ്

ഹ്രസ്വകാല കാർഷിക വായ്പകൾക്ക് പ്രതിവർഷം 1.5 ശതമാനം പലിശ ഇളവ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മൂന്ന് ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾക്കാണ് പലിശ ഇളവ് ലഭിക്കുക. കടക്കെണിയിൽ വലയുന്ന കർഷകർക്ക് ആശ്വാസമാകുന്നതാണ് കേന്ദ്ര സർക്കാറിന്റെ ഈ പ്രഖ്യാപാനം. 2022-23, 2024-25 സാമ്പത്തിക വർഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും സഹകരണ മേഖലകളിലും കർഷകർക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും

‘കേരള സവാരി’ ഫ്ലാഗ് ഓഫ് ചെയ്തു; സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് നിരത്തിൽ

കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ – ടാക്സി സംവിധാനമായ കേരള സവാരി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരള സവാരി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ മേഖലയിൽ ഓൺലൈൻ ടാക്സി സർവീസ് നിലവിൽ വരുന്നത്. കേരള സവാരിയെന്ന പേരിൽ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്രയെന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.