ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി (54) വാഹാനപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ പാല്‍ഘറില്‍ ചരോട്ടിയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടെ യാത്ര ചെയ്തിരുന്ന മറ്റൊരാളും മരിച്ചിട്ടുണ്ട്.

പഠനത്തില്‍ മകനെക്കാള്‍ മുന്നില്‍; എട്ടാംക്ലാസുകാരനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്ന് സഹപാഠിയുടെ അമ്മ

പുതുച്ചേരിയിലെ കാരയ്ക്കലില്‍ 13 വയസ്സുകാരനെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു. കാരയ്ക്കലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ ബാല മണികണ്ഠനെയാണ് സഹപാഠിയുടെ അമ്മയായ സഹായറാണി വിക്ടോറിയ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. സംഭവത്തില്‍ സഹായറാണിയെ പോലീസ് അറസ്റ്റ് ചെയ്തു. സഹായറാണിയുടെ മകനും കൊല്ലപ്പെട്ട ബാലയും ഒരേ ക്ലാസിലെ വിദ്യാര്‍ഥികളാണെന്നും പഠനത്തില്‍ ബാല തന്റെ മകനെക്കാള്‍ മികവ് പുലര്‍ത്തുന്നതാണ് സഹായറാണിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ഡോ. രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു

പ്രമുഖ നാടകകാരനും സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടറുമായിരുന്ന ഡോ. രാമചന്ദ്രന്‍ മൊകേരി അന്തരിച്ചു. 75 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിക്സയില്‍ ഇരിക്കെയാണ് അന്ത്യം. പകല്‍ 12 മണി വരെ മൃതദേഹം കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശശനത്തിന് വെച്ചിരുന്നു. മൃതദേഹം പിന്നീട് തലശ്ശേരിയിലേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കും.ഏകാംഗ നാടകത്തിന്റെയും തെരുവുനാടകത്തിന്റെയും പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഡോ. രാമചന്ദ്രന്‍ മൊകേരി.

പ്ലസ് ടു വിദ്യാർത്ഥിനി പ്രസവിച്ച ശേഷം കുട്ടിയെ വലിച്ചെറിഞ്ഞു; പത്താം ക്ലാസ്സുക്കാരൻ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനി ആണ്‍കുട്ടിയെ പ്രസവിച്ചു. പ്രസവശേഷം കുട്ടിയെ സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു. പതിനാറ് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതിന് പത്താം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കടലൂരിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച സ്‌കൂളിന് സമീപത്തെ കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയാണ് വിവരം ഹെഡ് മാസ്റ്ററെ അറിയിച്ചത്.

കോഴിക്കോട് അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു

അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടി മൊകേരിയിൽ അഞ്ചു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. മൂന്ന് കുട്ടികൾ ഉൾപ്പടെ അഞ്ചു പേർക്കാണ് കടിയേറ്റത് അതേസമയം, കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഈ മാസം 26ന് സുപ്രിംകോടതി പരി​ഗണിക്കും. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.