ഹിറ്റായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; വരുമാനം 6.5 കോടി കവിഞ്ഞു

അധിക വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ജനപ്രിയമാകുന്നു. സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്ക് നടത്തുന്ന പ്രത്യേക സർവീസുകളിൽ നിന്ന് ഇതുവരെ 6.5 കോടി രൂപ വരുമാനം ലഭിച്ചു. കഴിഞ്ഞ നവംബർ ഒന്നിനാണു കെഎസ്ആർടിസി ബജറ്റ് ടൂറിസം സർവീസുകൾ ആരംഭിച്ചത്. 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകളാണ് ബജറ്റ് ടൂറിസത്തിന്റെ പ്രത്യേക സർവീസുകൾ ഉപയോഗപ്പെടുത്തിയത്.

സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം : വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങൾ, മയക്കുമരുന്ന് നൽകുന്നത് വീഡിയോയിൽ 

ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്ത് ലഹരി മരുന്നാണ് നൽകിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ആരാധാനാലയങ്ങള്‍ക്ക് നിയന്ത്രണം വേണം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ പൂട്ടണം- ഹൈക്കോടതി

ആരാധാനാലയങ്ങള്‍ക്കുള്ള ലൈസന്‍സ് നല്‍കുന്നതിന് മാനദണ്ഡം നിര്‍ബന്ധമാക്കണം. അനുമതിയില്ലാത്തവയ്‌ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അമരമ്പലം പഞ്ചായത്തിലെ വാണിജ്യ കെട്ടിടം ആരാധനാലയമാക്കാന്‍ അനുമതി തേടി മലപ്പുറത്തെ നൂറുല്‍ ഇസ്ലാമിക് സാംസ്‌കാരിക സംഘം നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. അതേസമയം വാണിജ്യ കെട്ടിടം പ്രാര്‍ഥനയ്ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ജില്ലാ കളക്ടര്‍ തള്ളുകയായിരുന്നു.

രാജ്യത്ത് 21 വ്യാജ സർവകലാശാലകൾ, കേരളത്തിൽ ഒന്ന്; പട്ടിക പുറത്തുവിട്ട് യുജിസി

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 21 സർവകലാശാലകളുടെ പേരുകൾ അടങ്ങിയ പട്ടികയാണ് പുറത്തുവിട്ടത്. പത്തനംതിട്ടയിലെ കിശനറ്റം സെൻറ് ജോൺസ് സർവകലാശാലയാണ് പട്ടികയിൽ കേരളത്തിൽ നിന്ന് ഇടം പിടിച്ചിട്ടുള്ള ഏക വ്യാജ സർവകലാശാല. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകളുള്ളത് ദില്ലി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ്. ദില്ലിയിൽ എട്ടും ഉത്തർപ്രദേശിൽ നാലും സർവകലാശാലകളാണ് പട്ടികയിലുള്ളത്. പട്ടികയിലുള്ള സർവകലാശാലകൾക്ക് ഒരു തരത്തിലുള്ള ബിരുദവും നൽകാൻ അനുമതി ഇല്ലെന്ന് യുജിസി വ്യക്തമാക്കി.

സ്‌കെയില്‍വച്ച് ബ്ലോക്ക്‌ചെയ്യും, പണം കിട്ടില്ല; വ്യാപകമായി എടിഎം തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലെ എ.ടിഎമ്മുകളില്‍ സ്‌കെയില്‍ പോലുള്ള ഉപകരണം വെച്ച് കൃത്രിമം നടത്തി പണം തട്ടിയ കേസിലെ പ്രതി പിടിയില്‍. യു.പി സ്വദേശി മുബാറക്ക് ആണ് ഇടപ്പള്ളിയില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. മുബാറക്കിനെ കളമശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളില്‍ നിന്ന് സ്‌കെയില്‍ പോലുള്ള വസ്തുവും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തില 13 എ.ടി.എമ്മുകളില്‍ നിന്ന് പണം നഷ്ടമായതായാണ് പ്രാഥമിക വിവരം. മെഷീനിലെ പണം വരുന്ന ഭാഗം സ്‌കെയില്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് തടസ്സപ്പടുത്തിയാണ് തട്ടിപ്പ്.