ഏഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് ഇരുട്ടടി; സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി പുറത്ത്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് മുമ്പ് കനത്ത തിരിച്ചടി നേരിട്ട് പാകിസ്ഥന്‍. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ടൂര്‍ണമെന്‍റ് ആരംഭിക്കുന്നതിന് മുമ്പേ പുറത്തായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ മെഡിക്കല്‍ ടീം നാല് മുതല്‍ ആറ് ആഴ്‌ച വരെ വിശ്രമമാണ് ഷഹീന്‍ ഷാ അഫ്രീദിക്ക് നിര്‍ദേശിച്ചിരിക്കുന്നത്. ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയും താരത്തിന് നഷ്‌ടമാകും.

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം; ജമ്മു കശ്മീരിൽ രണ്ട് മരണം, ഹിമാചലിൽ 3 പേരെ കാണാതായി

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ജമ്മു കശ്മീരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. ഹിമാചല്‍ പ്രദേശിലും, ഉത്തരാഖണ്ഡിലും മേഘവിസ്ഫോടനത്തെ തുടർന്ന് വ്യാപക നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ ഇരു സംസ്ഥാനങ്ങളിലും നദികൾ കരവിഞ്ഞൊഴുകി. ഹിമാചലിലെ കാൻഗ്ര ജില്ലയിൽ ചക്കി നദിക്ക് കുറുകെയുള്ള റെയിൽപ്പാളം പ്രളയവെള്ളം ഒഴുകി എത്തിയതോടെ പൂർണമായി തകർന്നു.

മന്ത്രി പി രാജീവിനെ ‘വട്ടംചുറ്റിച്ച’ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

മന്ത്രി പി രാജീവിന്‍റെ റൂട്ട് തെറ്റിച്ചെന്ന പേരില്‍ സസ്പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. കൺട്രോൾ റൂംഎസ് ഐ സാബു രാജൻ, സിവിൽ പൊലീസ് ഓഫീസർ സുനിൽ എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. പൊലീസുകാരെ സസ്പെൻഡ് ചെയ്ത ഉത്തരവിനെതിരെ മന്ത്രിയും പൊലീസ് സംഘടനകളും രംഗത്തുവന്നിരുന്നു.

ഷാജഹാൻ കൊലപാതകം: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച രണ്ടു പേരെ കാണാനില്ല, അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ കൊണ്ടുപോയ രണ്ടു പേരെ കാണാനില്ലെന്ന് പരാതി. കുന്നങ്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ആവാസിന്റെയും ജയരാജിന്റെയും അമ്മമാർ പാലക്കാട് കോടതിയെ സമീപിച്ചു.

സാധാ ഫോണുകളുടെ വില കുത്തനെ ഉയരും; പൊതു ചാർജർ നയം വരുന്നു

പൊതുചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റ് പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വൈകാതെ പൊതു ചാർജർ നയം നടപ്പാക്കിയേക്കും. ഇത് സംബന്ധിച്ച പഠനം നടത്താൻ കേന്ദ്രസർക്കാർ ഉടൻ തന്നെ വിദഗ്ധ ഗ്രൂപ്പുകളെ നിയോഗിക്കും. പൊതുചാർജർ സംബന്ധിച്ച നയത്തിന് യൂറോപ്യൻ യൂണിയൻ ഇതിനോടകം അംഗീകാരം നൽകി കഴിഞ്ഞു. ഇ വേസ്റ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം ഉപഭോക്താക്കളെ ചെലവ് ചുരുക്കാൻ സഹായിക്കുക കൂടിയാണ് നയത്തിന്റെ ലക്ഷ്യം.