വിഴിഞ്ഞം പ്രദേശത്തെ മദ്യശാലകൾ അടച്ചിടാൻ കളക്ടറുടെ ഉത്തരവ്

വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് ദിവസത്തേക്ക് മദ്യശാലകകളുടെ പ്രവര്‍ത്തനം നിരോധിച്ചു. പ്രദേശത്തെ സമരങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ആഗസ്റ്റ് 21, 22 തീയതികളില്‍ മദ്യശാലകള്‍ അടച്ചിടാന്‍ തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടത്.

‘മുഖ്യധാരാ മാധ്യമങ്ങൾക്കടക്കം മനുഷത്വപരമല്ലാത്ത നിഷ്പക്ഷത വന്നിരിക്കുന്നു’ ; മുഖ്യമന്ത്രി

മാധ്യമ രംഗത്തുണ്ടായ അപചയം തിരുത്താൻ മാധ്യമ പ്രവർത്തകർ തന്നെ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യധാരാ മാധ്യമങ്ങൾക്കടക്കം മനുഷത്വപരമല്ലാത്ത നിഷ്പക്ഷതയുണ്ടാവുന്നു. കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത് അതിന്റെ ക്രെഡിറ്റെടുക്കാനാണ് മാധ്യമങ്ങൾ മത്സരിക്കുന്നത്. ഇത്രയധികം വിമർശനങ്ങൾ മാധ്യമങ്ങൾ ഏൽക്കേണ്ടി വന്ന ഘട്ടം ഉണ്ടായിട്ടില്ലെന്നും കെ.യു.ഡബ്ല്യു.ജെ സംസ്ഥാനസമ്മേളനത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഇടുക്കിയില്‍ എംഡിഎംഎയുമായി പൊലീസുകാരൻ പിടിയിൽ; മയക്കുമരുന്ന് വാങ്ങാനെത്തിയ ആളും പിടിയിലായി

തൊടുപുഴയില്‍ മയക്കുമരുന്നുമായി പൊലീസുകാരന്‍ പിടിയില്‍. ഇടുക്കി എ ആർ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എം ജെ  ഷനവാസാണ് എംഡിഎമ്മെയും കഞ്ചാവുമായി പിടിയിലായത്. 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. അസോസിയേഷന്‍ നേതാവായ ഇയാള്‍ പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്നുകള്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ടോയെന്ന് സംശയത്തെ തുടര്‍ന്ന് എക്സൈസ് അന്വേഷണം വ്യാപകമാക്കി.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി അദാനി ഗ്രൂപ്പ് സര്‍ക്കാറിന് കത്തയച്ചു

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സുരക്ഷ തേടി സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പിന്റെ കത്ത്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ തുറമുഖ നിര്‍മാണത്തെ ബാധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച കത്ത് ആഭ്യന്തര വകുപ്പിന് തുടര്‍ നടപടികള്‍ക്ക് കൈമാറി. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞത്ത് സമരം ശക്തമാക്കുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുന്നത്. വിഴിഞ്ഞത്ത് അടുത്ത വര്‍ഷത്തോടെ കപ്പല്‍ എത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. സമരം തുടരുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാകില്ലെന്നും അദാനി ഗ്രൂപ്പ് കത്തില്‍ വ്യക്തമാക്കുന്നു.

ഇന്‍സെന്റീവും കമ്മീഷനും വര്‍ധിപ്പിച്ചു; സൊമാറ്റോ ജീവനക്കാരുടെ സമരം വിജയം

തിരുവന്തപുരത്ത് സൊമാറ്റോ ഡെലിവറി ഏജന്റുമാര്‍ നടത്തിയ വന്ന സമരം വിജയിച്ചു. ലേബര്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സൊമാറ്റോ അധികൃതരും ഏജന്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. വെട്ടിക്കുറച്ച ഇന്‍സെന്റീവും ദൈനംദിന വരുമാനവും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.