വൈദ്യുതിയിൽ ഷോക്ക് മാസം തോറും, ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി. വൈദ്യുതി റ​ഗുലേറ്ററി കമ്മീഷൻ്റെ മുൻകൂർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്രസരണ ചാർജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികൾക്ക് വരുന്ന അധികച്ചിലവ് വൈ​ദ്യുതി നിരക്കിലൂടെ ഉപഭോ​ക്താക്കളിൽ നിന്ന് ഈടാക്കാം

ഫ്ലാറ്റ് കൊലപാതകം: അർഷാദിനെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും

കൊച്ചിയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർഷാദിനെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും. ലഹരി മരുന്ന് കേസിലാണ് അർഷാദിനെയും സുഹൃത്ത് അശ്വന്തിനെയും കോടതിയിൽ ഹാജരാക്കുന്നത്. ഇന്നലെ അറസ്റ്റിലാകുമ്പോൾ അർഷാദിന്റെ പക്കൽ നിന്നും അതിതീവ്ര ലഹരിമരുന്നായ എം ഡി എം എയും ഹാഷിഷ് ഓയിലും ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു. തുടർന്ന് കാസർകോട് പൊലീസ് ഇതിൽ കേസെടുത്തിരുന്നു. ഈ കേസിൽ ഹാജരാക്കിയശേഷം കോടതിയുടെ അനുമതിയോടെയാകും അർഷാദിനെ കൊച്ചിയിലെത്തിക്കുക.

ജമ്മുകശ്മീർ പാർട്ടി പുന:സംഘടന:’ഗുലാംനബിയുടെ വാദം തെറ്റ്’, നാല് വട്ടം ചർച്ച നടത്തിയെന്ന് കോൺഗ്രസ് നേതൃത്വം

ജമ്മു കാശ്മീർ കോൺഗ്രസ് പുന:സംഘടന സംബന്ധിച്ച് ഗുലാം നബി ആസാദിന്‍റെ വാദം തെറ്റെന്ന് കോൺഗ്രസ്. ഗുലാം നബി ആസാദുമായി 4 വട്ടം ചർച്ച നടത്തിയ ശേഷമാണ് പുന:സംഘടനയിൽ അന്തിമ തീരുമാനമെടുത്തത്. സംസ്ഥാന അധ്യക്ഷനായി നിയമിച്ചത് ഗുലാം നബി ആസാദ് നിർദേശിച്ച ആളെയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.

ജനസമ്പർക്കവുമായി രാഹുൽഗാന്ധി,സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കും,2024 ലെ പൊതു തെരഞ്ഞെടുപ്പിന് നേരിടാൻ ഒരുക്കം

2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് നിർണായക നീക്കവുമായി രാഹുൽ ഗാന്ധി. സർക്കാർ വിരുദ്ധരെ ഏകോപിപ്പിക്കാൻ നീക്കം തുടങ്ങി. ജനങ്ങളിലേക്ക് നേരിട്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ജനസമ്പർക്ക പരിപാടിയുമായി സജീവമാകും.ആദ്യ ജനസമ്പർക്ക പരിപാടി ഈ മാസം 22 ന് ദില്ലിയിൽ ചേരും. ഭാരത് ജോഡോ യാത്രക്കിടയിലും ജനസമ്പർക്ക പരിപാടി തുടരാനാണ് തീരുമാനം.

ഓണക്കിറ്റ്:ഗുണനിലവാരം ഉറപ്പാക്കാൻ സപ്ലൈകോയുടെ കർശന പരിശോധന,കിറ്റിനായി നൽകിയത് 400കോടി രൂപ

ഓണക്കിറ്റിനായി സംസ്ഥാന സർക്കാർ സപ്ലൈക്കോയ്ക്ക് കൈമാറിയിരിക്കുന്നത് 400 കോടി രൂപ.കഴിഞ്ഞ വർഷം പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ കർശനമായ പരിശോധനയാണ് ഇക്കുറി. ഉത്പന്നം നിർമ്മിക്കുന്ന യൂണിറ്റ് മുതൽ പാക്കിംഗ് കേന്ദ്രങ്ങളിൽ വരെ ഗുണനിലവാരം ഉറപ്പാക്കാനുള്ള പരിശോധനകളാണ് നടക്കുന്നത്.