വിഭാഗീയതയിൽ അന്വേഷണം; സിപിഎം കമ്മീഷൻ തെളിവെടുപ്പിനായി ആലപ്പുഴയിൽ

ജില്ലയ്ക്ക് അകത്ത് പാർട്ടിയിൽ ഉടലെടുത്ത വിഭാഗീയത അവസാനിപ്പിക്കാനുള്ള നീക്കവുമായി സിപിഎം. ഇതിനായി പാർട്ടി അന്വേഷണ കമ്മീഷൻ ആലപ്പുഴയിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ മുൻ മന്ത്രി ടിപി രാമകൃഷ്ണനും മുൻ എംപി പികെ ബിജുവുമാണ് ആലപ്പുഴയിലെത്തിയത്.

സവാരി വൈകും: സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല,സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം

കേരള സർക്കാരിന്‍റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സംവിധാനമായ കേരള സവാരിയിലെ യാത്ര വൈകും. സവാരി ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. സാങ്കേതിക പ്രശ്നങ്ങൾ കാരണം ആപ്പ് വൈകുമെന്ന് തൊഴിൽ വകുപ്പ് വിശദീകരിക്കുന്നുണ്ട്. ആപ്പില്ലാത്തതിനാൽ ഓൺലൈൻ ടാക്സി ഓട്ടോ ബുക്കിങ്ങും തുടങ്ങിയിട്ടില്ല. ഇന്നലെ മുഖ്യമന്ത്രിയാണ് കേരള സവാരി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് പിന്നാലെ പ്ലേ സ്റ്റോറിൽ ആപ്പ് എത്തുമെന്നായിരുന്നു പ്രഖ്യാപനം.

കോഴിക്കോട്ട് വൻ എംഡിഎംഎ വേട്ട, മലപ്പുറം സ്വദേശിയുടെ വീട്ടിലും തിരച്ചിൽ, പിടിച്ചത് ലക്ഷങ്ങളുടെ മയക്കുമരുന്ന്

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 112 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കാക്കഞ്ചേരി സ്വദേശി ഷക്കീൽ ഹർഷാദ് പിടിയിൽ. ഇയാളുടെ കാക്കഞ്ചേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയും 80 ഗ്രാം ക്യാപ്‌സ്യൂൾ എംഡിഎംഎ യും പിടിച്ചെടുത്തു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്.

റോഡിലെ കുഴി: തെറ്റായ പ്രവണതകളെ ഇല്ലാതാക്കണം, അതിന് എല്ലാ പിന്തുണയും നൽകും: മന്ത്രി റിയാസ്

റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അതിന് എല്ലാ പിന്തുണയും നൽകുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. വകുപ്പ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണയെന്നും റിയാസ് വ്യക്തമാക്കി

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി: കോടതിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതി നിലപാടിനെതിരെ ദേശീയ വനിതാ കമ്മീഷൻ. കോടതിയുടെ പരാമർശങ്ങൾ അതീവ ദൗർഭാഗ്യകരം എന്ന് രേഖ ശർമ പ്രതികരിച്ചു. വിധിയിലെ ദൂരവ്യാപക പ്രത്യാഘാതങ്ങൾ കോടതി അവഗണിച്ചുവെന്നും അവർ വിമർശിച്ചു.