സോളാർ പീഡന കേസ്; അടൂർ പ്രകാശിനെയും എ പി അനിൽ കുമാറിനെയും സിബിഐ ചോദ്യം ചെയ്തു

സോളാർ പീഡന കേസില്‍ കൂടുതൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്ത് സിബിഐ. അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവരെയാണ് സിബിഐ ചോദ്യം ചെയ്തത്. മലപ്പുറത്തും ദില്ലിയിലും വച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.

പ്രിയ വർഗീസിന്റെ നിയമനത്തിൽ ഗവർണറുടെ നടപടി സ്വാഗതം ചെയ്ത് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിച്ച ഗവർണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ അധികാരം ഉപയോ​ഗിച്ചാണ് അത് ചെയ്തത്. ഇതിനെതിരെ സർക്കാർ കോടതിയിൽ പോകുന്നത് അനീതി പുനഃസ്ഥാപിക്കാനാണെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സതീശൻ പറഞ്ഞു.​ കഴിഞ്ഞ ആറ് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടന്ന ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

വീണ്ടും തെരുവുനായ ആക്രമണം; പേവിഷബാധ സംശയിക്കുന്ന നായയുടെ കടിയേറ്റത് 7 പേര്‍ക്ക്, സംഭവം കോട്ടയത്ത്

കോട്ടയത്ത് വീണ്ടും തെരുവ് നായ ആക്രമണം. വൈക്കം തലയോലപ്പറമ്പിൽ രണ്ട് സ്ത്രീകളടക്കം ഏഴു പേർക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവ് നായയുടെ കടിയേറ്റു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറിനും കടിയേറ്റു. മറ്റ് അഞ്ച് പേ‍ര്‍ക്ക്കൈ യ്ക്കും കാലിനുമാണ് പരുക്ക്.

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ രണ്ട് ദിവസവും പ്രതിദിന കേസുകൾ പതിനായിരത്തിൽ താഴെയായിരുന്നു. ഓഗസ്റ്റ് 17ന് 9062 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 16ന് 8,813 കേസുകളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,01,343 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 72 പേർ കൊവിഡ് ബാധിച്ച് മരിച്ചു

ബാരിക്കേഡുകള്‍ നീക്കാന്‍ ശ്രമം; വിഴിഞ്ഞത്ത് സംഘർഷാവസ്ഥ

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികളുടെ രാപ്പകൽ ഉപരോധ സമരം മൂന്നാം ദിവസത്തിലേക്ക്. ഉപരോധത്തില്‍ വിഴിഞ്ഞത്ത് സംഘർഷാവസ്ഥ തുടരുന്നു. ബാരിക്കേഡുകള്‍ നീക്കാന്‍ സമരക്കാരുടെ ശ്രമം. ബാരിക്കേഡുകള്‍ തകര്‍ത്ത് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുനീങ്ങുന്നു. തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് ശ്രമം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും. സമരക്കാര്‍ പിന്‍മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനിടെ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൽ സർക്കാരിന് യാതൊരു വാശിയുമില്ലെന്ന് മന്ത്രി വി അബ്‌ദുൾ റഹ്മാൻ അറിയിച്ചു.