സിവിക് ചന്ദ്രന്‍ കേസ്; സെഷന്‍സ് കോടതി ജഡ്ജിക്കെതിരെ നടപടിയെടുക്കണമെന്ന് ബൃന്ദ കാരാട്ട്

സിവിക് ചന്ദ്രൻ കേസിലെ സെഷന്‍സ് കോടതി ഉത്തരവിലുള്ള സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. ലൈംഗികാതിക്രമ കേസില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. യുവതിയെ വസ്ത്രധാരണം പ്രകോപനമുണ്ടാക്കുന്നതെന്ന പരാമര്‍ശം ഞെട്ടിക്കുന്നതാണ്. മേൽ കോടതി ശക്തമായ നടപടിയെടുക്കണം. ഇത്തരം പരാമർശങ്ങൾ നടത്തുന്ന കോടതിയിൽ നിന്ന് എങ്ങനെ സ്ത്രീകൾക്ക് നീതി പ്രതീക്ഷിക്കാനാകുമെന്നാണ് ബൃന്ദ കാരാട്ട് ചോദിച്ചത്.

സൽമാൻ റുഷ്ദി രക്ഷപ്പെട്ടതിൽ അത്ഭുതം എന്ന് ആക്രമിച്ച ഹാദി മറ്റാർ

സൽമാൻ റുഷ്ദി രക്ഷപ്പെട്ടുവെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് അക്രമി ഹാദി മറ്റാർ. ജയിലിൽ കഴിയുന്ന പ്രതിയുമായി ന്യൂയോർക്ക് പോസ്റ്റ് നടത്തിയ വീഡിയോ ഇന്റർവ്യൂവിലായിരുന്നു പ്രതികരണം. അയാൾ രക്ഷപ്പെട്ടുവെന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് തോന്നിയത് എന്നായിരുന്നു മറ്റാറിന്റെ പ്രതികരണം. ന്യൂയോർക്കിലെ സാഹിത്യപരിപാടിക്കിടെയാണ് സൽമാൻ റുഷ്ദിക്ക് കുത്തേറ്റത്. ഹാദി മറ്റാർ ഇതുവരെയും കൊലപാതകക്കുറ്റം സമ്മതിച്ചിട്ടില്ല. 24 വയസ്സ് മാത്രമാണ് ഇയാളുടെ പ്രായം.

വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള കേന്ദ്ര ഭേദഗതിയെ കേരളം എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് കൂട്ടാനുള്ള കേന്ദ്ര ഭേദഗതിയെ എതിർക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കോർപ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. കേന്ദ്ര ഊർജമന്ത്രാലയം ഭേദഗതി കൊണ്ടുവരുന്നത് റെഗുലേറ്ററി ബോർഡിൻ്റെ അനുമതി ഒഴിവാക്കി നിരക്ക് വർധിപ്പിക്കാനാണ്. വിയോജിപ്പ് അറിയിച്ച് ഉടൻ കേന്ദ്രത്തിന് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.

‘എല്ലാവിധ അധർമങ്ങൾക്കെതിരെ പൊരുതാനുള്ള പ്രചോദനമാവട്ടെ’; ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി

ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ പുനസ്ഥാപനത്തിന്റെ പ്രതീകമായാണ് ഭക്തജന സമൂഹം ശ്രീകൃഷ്ണസങ്കൽപ്പത്തെ കാണുന്നത്. എല്ലാവിധ അധർമങ്ങൾക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ എന്നും സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം സമൂഹത്തിലാകെ പരക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. കരുണയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്ത ജനതിരക്കായിരുന്നു അനുഭവപ്പെട്ടത്.

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ഊർജിതം

മധ്യപ്രദേശിൽ കാണാതായ മലയാളി ജവാനായി തിരച്ചിൽ ശക്തമാക്കി എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റൻ നിർമ്മൽ ശിവരാജനെയാണ് മധ്യപ്രദേശിൽ വെച്ച് കാണാതായത്. ഭാര്യയെ കണ്ട് മടങ്ങവേയാണ് സംഭവം. മൂന്ന് ദിവസം മുൻപുണ്ടായ മിന്നൽ പ്രളയത്തിൽ അദ്ദേഹം ഒറ്റപ്പെട്ട് പോയതാണോ എന്ന സംശയത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്.