വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിം​ഗ് ക്ലാസുകൾ ആരംഭിച്ച് പട്ടികവർ​ഗ വികസന വകുപ്പ്

പട്ടികവർഗ്ഗ വികസന വകുപ്പ് 2023 KEAM എൻട്രൻസ് പരീക്ഷ എഴുതുന്നതിന് താൽപ്പര്യമുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി എൻട്രൻസ് കോച്ചിംഗ് ക്ലാസുകൾ ആരംഭിക്കുന്നു. 2022 മാർച്ചിൽ പ്ലസ് ടു സയൻസ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദ്ദിഷ്ട പരിശീലനത്തിന്റെ മുഴുവൻ ചെലവ്, താമസം, ഭക്ഷണം എന്നിവയും ഓണം, ക്രിസ്തുമസ് അവധിക്കാലത്ത് രക്ഷിതാവിനെകൂട്ടി വീട്ടിൽ പോയി വരുന്നതിനുള്ള ചെലവും സർക്കാർ വഹിക്കുന്നതാണ്.

ഒരാള്‍ കിടപ്പുമുറിയില്‍, ഒരാള്‍ വാടക ക്വാര്‍ട്ടേഴ്സില്‍; മലപ്പുറത്ത് രണ്ട് യുവാക്കള്‍ ജീവനൊടുക്കി

മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് തന്‍റെ മുറിയില്‍ തൂങ്ങി മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്.

മധു കേസിൽ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികൾ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.

റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം

കോട്ടയത്ത് റോഡിലെ കുഴിയിൽ പൂക്കളമിട്ട് യു.ഡി.എഫിന്റെ പ്രതിഷേധം. കെകെ റോഡിൽ കഞ്ഞിക്കുഴിയിലാണ് യുഡിഎഫ് പ്രവർത്തകർ കുഴിയിൽ പൂക്കളമിട്ട് പ്രതിഷേധിച്ചത്. പൊതുമരാമത്ത് മന്ത്രി ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യാസതമായ പ്രതിഷേധം. ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഇവിടെ റോഡിന്റെ മധ്യഭാഗത്തു ഉൾപ്പടെ 10 ഓളം കുഴികളാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. റോഡിന്റെ ശോചനീയ അവസ്ഥയെ പറ്റി നാളുകളായി യാത്രക്കാർ പലതവണ പരാതി നൽകിയിരുന്നു.

ഒരു മാസം മുഴുവൻ നിൽക്കുന്ന റീച്ചാർജ് പ്ലാനുകളുമായി ടെലികോം കമ്പനികൾ

30 ദിവസം വാലിഡിറ്റിയുള്ള റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് രാജ്യത്തെ ടെലികോം കമ്പനികള്‍. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിയെ തുടര്‍ന്നാണ് കമ്പനികള്‍ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം എല്ലാ മാസവും ഒരേ ദിവസം പുതുക്കാന്‍ സാധിക്കുന്ന റീച്ചാര്‍ജ് പ്ലാനുകളും കമ്പനികള്‍ അവതരിപ്പിച്ചു.കമ്പനികളെല്ലാം ഒരുമാസത്തെ പ്ലാന്‍ എന്ന പേരില്‍ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ഇതുവരെ ലഭ്യമാക്കിയിരുന്നത്.