മധു കേസിൽ ഇരുപത്തിയേഴാം സാക്ഷിയും കൂറുമാറി

അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുകയാണ്. വിചാരണ പുനരാരംഭിച്ചതിന് പിന്നാലെ ഇന്ന് ഒരു സാക്ഷി കൂടി കൂറുമാറി. ഇരുപത്തിയേഴാം സാക്ഷി സെയ്തലവിയാണ് ഇന്ന് കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി. അതേസമയം രണ്ട് സാക്ഷികൾ ഇന്ന് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. സാക്ഷികളായ വിജയകുമാർ, രാജേഷ് എന്നിവരാണ് മൊഴിയിൽ ഉറച്ചു നിന്നത്. ഇരുപത്തിയഞ്ചാം സാക്ഷിയാണ് വിജയകുമാർ. രാജേഷ് ഇരുപത്തിയാറാം സാക്ഷിയും.