കൈകള്‍ കെട്ടി, വായില്‍ തുണി തിരുകി; ഗര്‍ഭിണിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയില്‍

ഗര്‍ഭിണിയായ യുവതിയുടെയും അഞ്ചുവയസ്സുള്ള മകന്റെയും മൃതദേഹങ്ങള്‍ വീട്ടിലെ കട്ടിലിനുള്ളില്‍ കണ്ടെത്തി. മീററ്റിലെ ഹസ്തിനാപുര്‍ സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ സന്ദീപ് കുമാറിന്റെ ഭാര്യ ശിഖ(25), മകന്‍ രുക്‌നാഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷണം പോയതായി ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ്; ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

പാലക്കാട് സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേര്‍ പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ല; സർക്കാർ ഹൈക്കോടതിയിൽ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ശമ്പളത്തിന് ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുകയും ചെയ്തു.103 കോടിയാണ് ധനസഹായമായി കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് അനുകൂല നിലപാടെടുക്കുമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സർക്കാർ നിലപാട് മാറ്റിയതിനാൽ ഓണത്തിന് മുൻപ് ശമ്പളം നൽകാനുള്ള കെഎസ്ആർടിസിയുടെ ശ്രമം വിഫലമായേക്കും. അതേസമയം, ശമ്പളവിതരണത്തിനായി ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.

മാനസിക പീഡനം, പണം തട്ടിയെടുക്കാൻ ശ്രമിച്ചു; അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകനും ​ഗായകനുമായ ഭവ്നിന്ദർ സിം​ഗ് അറസ്റ്റിൽ. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ച് വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിനാണ് അമല പരാതി നൽകിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയിൽ പറയുന്നു.

പ്രതിപക്ഷ എതിര്‍പ്പിനിടെ ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ

ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നിയമഭേദഗതി ചര്‍ച്ചയ്ക്കിടെ സഭാ നടപടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സബ്ജക്ട് കമ്മിറ്റിയുടെ പുതിയ ഭേദഗതി നിര്‍ദേശങ്ങളോടെയാണ് ബില്‍ സഭയിലെത്തിയത്. ലോകായുക്തയുടെ പരിധിയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി. ഭേദഗതിക്ക് എതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ സംസ്ഥാന നിയമസഭയ്ക്ക് എങ്ങനെ അപ്പലേറ്റ് അതോറിട്ടിയുടെ അധികാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.