കനത്ത മഴ; രണ്ട് ജില്ലകളിൽ നാളെ അവധി; ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി

സംസ്ഥാനത്തെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ വിറങ്ങലിക്കുകയാണ് ജനം. കോട്ടയത്തും പത്തനംതിട്ടയിലുമാണ് ഏറ്റവും കൂടുതൽ മഴ ദുരിതം വിതച്ചത്. ഈ രണ്ട് ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച(ഓഗസ്റ്റ് 30) അവധി നൽകി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്.

തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം ബോണസ്; പ്രഖ്യാപനവുമായി ധനമന്ത്രി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഓണം പ്രമാണിച്ച് 1000 രൂപ ഉത്സവബത്തയായി നൽകുമെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.21 ലക്ഷം ആളുകളിലേക്കാണ് സഹായമെത്തുക.

നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളിൽ ആക്ഷേപം സമർപ്പിക്കാൻ നടൻ ദിലീപിന് വ്യാഴാഴ്ച വരെ സമയം നൽകി.

നഷ്ടത്തിൽ നിന്ന് കുതിച്ച് സിയാൽ; പ്രവർത്തന ലാഭം 217.34 കോടി രൂപ, യാത്രക്കാരും ഇരട്ടിയായി

കോവിഡ് മഹാമാരി വ്യോമയാന മേഖലയിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും കൊച്ചി വിമാനത്താള ലിമിറ്റഡ് (സിയാൽ) ശക്തമായ തിരിച്ചു വരവിലേക്ക് . 2021 -22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ (നികുതിയ്ക്ക് മുമ്പുള്ള) ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗം സിയാലിന്റെ 2021-22 സാമ്പത്തിക വർഷത്തിലെ വരവ് ചെലവ് കണക്ക് അംഗീകരിച്ചു. നിക്ഷേപകരുടെ വാർഷിക പൊതുയോഗം സെപ്തംബർ 26ന് നടത്താനും നിശ്ചയിച്ചിട്ടുണ്ട്.

ജമ്മു കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു; ആസാദിനെ പിന്തുണച്ച് നാല് നേതാക്കൾ കൂടി പാർട്ടി വിട്ടു

ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി തുടരുന്നു. ആസാദിനെ പിന്തുണച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക് ഉൾപ്പെടെ നാല് നേതാക്കൾ കൂടി പാർട്ടിയിൽ നിന്ന് രാജിവച്ചു. അപ്നി പാർട്ടിയുടെ ഒരു ഡസനോളം പ്രമുഖ പ്രവർത്തകരും തിങ്കളാഴ്ച പാർട്ടി വിട്ടു. കത്വയിലെ ബാനിയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ ഭഗത് എന്നിവർ രാജിക്കത്ത് പാർട്ടി ഹൈക്കമാൻഡിന് കൈമാറി.