എനിക്കും 46 വർഷത്തെ അനുഭവ സമ്പത്തുണ്ട്; ഗുലാം നബി ആസാദിനെതിരെ കെ.സി വേണുഗോപാൽ

ഗുലാം നബി ആസാദ് ഉന്നയിച്ച കാര്യങ്ങൾ ഖേദകരമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. താൻ ഓട് പൊളിച്ചിറങ്ങി കോൺഗ്രസിൽ എത്തിയ ആളല്ലെന്ന് ആദ്യം മനസിലാക്കണം. കെ.എസ്‌.യു കാലം മുതൽ പാർട്ടിയിൽ പ്രവർത്തിക്കുകയാണ്. തനിക്കും 46 വർഷത്തെ അനുഭവ സമ്പത്ത് ഉണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ; ബിഎൽഒമാർ‌ വീടുകളിലെത്തും

ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന്; വോട്ടെണ്ണല്‍ 19-ന് 

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17-ന് നടക്കും. 19-നാണ് വോട്ടെണ്ണല്‍. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22-ന് നടത്തും. 24 മുതല്‍ 30 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17-ന് നടത്തും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.

സിപിഎം തിരുവനന്തപുരം കമ്മിറ്റി ഓഫീസ് ആക്രമണം: അക്രമികൾ എത്തിയ ബൈക്ക് കണ്ടെത്തി

സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ച രണ്ട് ബൈക്കുകൾ കണ്ടത്തി. ബൈക്ക് ഓടിച്ചത് പിടിയിലായ ഹരിശങ്കറും സതീർത്ഥ്യനുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്രമികൾ എത്തിയ ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ട്. ഇപ്പോൾ പിടിയിലായ ലാൽ ബൈക്കിന് പിന്നിലിരുന്ന് കല്ലെറിയുകയാണ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ സതീര്‍ത്ഥ്യൻ എബിവിപിയുടെ വട്ടിയൂര്‍ക്കാവ് നഗരകാര്യാലയം അംഗമാണ്. ലാൽ ഫോര്‍ട്ട് നഗരകാര്യാലയം അംഗമാണ്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു മൂന്ന് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

പ്രധാനമന്ത്രിയുടെ വാക്കും പ്രവർത്തിയും പൊരുത്തപെടാത്തതാണെന്ന് രാഹുൽ ഗാന്ധി

ഖാദിക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കും പ്രവൃത്തിയും ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനത്തിനും ആത്മനിർഭർ ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുമുള്ള പ്രചോദനത്തിന്റെ ഉറവിടമായി ഖാദി മാറുമെന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ വിമര്‍ശിച്ച് രാഹുൽ രംഗത്തെത്തി. ഖാദി രാജ്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ദേശീയ പതാക നിർമ്മിക്കാൻ ചൈനീസ് പോളീസ്റ്ററാണ് ഉപയോ​ഗിക്കുന്നതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.