കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട് കയറി ആക്രമിച്ചു. സി.പി.എം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ , ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് അക്രമത്തിൽ പരിക്കേറ്റു. ഇന്നലെ രാത്രി മണികണ്ഠവയലിലാണ് സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു യൂണിറ്റ് മണികണ്ഠവയല്‍ എന്ന പ്രദേശത്ത് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ശമ്പളം രണ്ട് ദിവസത്തിനുള്ളിൽ കൊടുത്തുതീർക്കും, കെഎസ്ആർടിസി പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി ആന്റണി രാജു

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നും നാളെയുമായി കൊടുത്തുതീർക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ധനവകുപ്പ് അനുമതി ലഭിച്ച സ്ഥിതിക്ക് ഇനി വൈകില്ലെന്നും മന്ത്രി വിശദീകരിച്ചു. കെഎസ്ആർടിസിയുടെ വരുമാനമുപയോഗിച്ച് മാത്രം, ജീവനക്കാർക്ക് ശമ്പളം കൊടുക്കാനാകില്ലെന്നും ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാർ സഹായം നൽകാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം: വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. നെഫ്രോളജി മേധാവി അനുമതിയില്ലാതെ ശസ്ത്രക്രിയയിൽ നിന്നും വിട്ടുനിന്നു എന്നും ചുമതലകൾ നിർവ്വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിർദ്ദേശം നൽകിയില്ലെന്നുമാണ് റിപ്പോർട്ട്. വീഴ്ചവരുത്തിയവർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശയുണ്ട്. സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.

നവജാതശിശുവിന്റേത് കൊലപാതകം: അമ്മ കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു; പോസ്റ്റുമോർട്ടം റിപ്പോർട്ട്

ഉടുമ്പന്നൂർ മങ്കുഴിയിലെ നവജാതശിശുവിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുഞ്ഞിൻറെ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തി. ജനിച്ച ഉടൻ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നുവെന്നും ഇതോടെ സ്ഥിരീകരിച്ചു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് 14 ശതമാനം മഴ കുറവ്; പെയ്തത് 126 സെന്റിമീറ്റര്‍

സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ താപനിലയിൽ നേരിയ വർധന. ബുധനാഴ്ച ഏറ്റവും കൂടിയ ചൂട് 31.4 ഡിഗ്രി സെൽഷ്യസ് കോഴിക്കോട് നഗരത്തിൽ രേഖപ്പെടുത്തി. ഇന്നുരാത്രി 11.30 വരെ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 10 വരെ കാലവർഷത്തിൽ 14 ശതമാനം മാത്രമാണ് കുറഞ്ഞത്.