‘നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’; പ്രചാരണം ശക്തമാക്കാന്‍ സമസ്ത

ലിംഗ സമത്വ യൂണിഫോം അടക്കമുളള വിഷയത്തില്‍ പള്ളികള്‍ പ്രചാരണം ശക്തമാക്കാന്‍ സമസ്തയുടെ തീരുമാനം. കുട്ടികളില്‍ നിര്‍ബന്ധപൂര്‍വ്വം നിരീശ്വരവാദം വളര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന രീതിയാലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ടാര്‍ ദേഹത്ത് വീണ് പൊള്ളലേറ്റ സംഭവം: ടാറിങ് തൊഴിലാളികളുടെ പരാതിയില്‍ കാര്‍ യാത്രക്കാര്‍ക്ക് എതിരെ കേസ്

ചിലവന്നൂരിൽ കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തില്‍ കാർ യാത്രക്കാര്‍ക്ക് എതിരെയും കേസ്. റോഡ് പണിക്കാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. കാർ യാത്രക്കാര്‍ റോഡ് പണിക്കാരെ മർദ്ദിക്കുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. കാർ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാർ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ ടാറിംഗ് തൊഴിലാളിയായ കൃഷ്ണപ്പനെ കൊച്ചി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹത; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മതരഹിതർക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടെന്ന് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. ഇത്തരക്കാർക്ക് മതരഹിതരെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇതിനായി സംസ്ഥാന സർക്കാർ ഉടൻ നയങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. മതരഹിതരെന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നവരിൽ അർഹരായവർക്ക് 10% സാമ്പത്തിക സംവരണത്തിന് അർഹതയുണ്ട്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഒരു മതത്തിലും ജാതിയിലും ഉൾപ്പെട്ടിട്ടില്ല എന്നതിന്റെ പേരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ തടയരുത്കോ ടതി പറഞ്ഞു.

ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു, പിന്നാലെ സ്കൂട്ടറിലും; ദമ്പതിമാർക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിൽ ഇടിച്ച് ദമ്പതിമാർ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം എംസി റോഡിലാണ് അപകടം. പള്ളം മംഗലപുരം വീട്ടിൽ സുദർശൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. പള്ളത്തു നിന്നു മറിയപ്പള്ളി ഭാഗത്തേക്ക് വരികയായിരുന്നു ദമ്പതിമാർ. ഈ സമയം എതിർദിശയിൽ നിന്നു വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.

നിതീഷ് എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടി; സോണിയാ ഗാന്ധിയെ കണ്ട് തേജസ്വി യാദവ്

ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഒന്നാണെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ദില്ലിയിൽ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക പാർട്ടികളെ അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. നിതീഷ് കുമാർ എൻഡിഎ വിട്ടത് ബിജെപിക്ക് കിട്ടിയ അടിയാണെന്നും തേജസ്വി പറഞ്ഞു.