ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ; സിപിഎം പുറത്ത് നിന്ന് പിന്തുണക്കും: സിതാറാം യെച്ചൂരി

ബിഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിഹാർ ഉപ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലെ മഹാസഖ്യ സർക്കാരിൽ സിപിഎം ഭാഗമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഇടത് പാർട്ടികളെ പോലെ സിപിഎം, മഹാസഖ്യ സർക്കാരിനെ പുറത്ത് നിന്ന് പിന്തുണക്കും. 2024ൽ നിതീഷ് കുമാർ പ്രധാനമന്ത്രി ആകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

‘ഇ.പി ജയരാജനെ സുധാകരൻ ആക്രമിച്ചു’; ഉടൻ വാദംകേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ട്രെയിനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ. സുധാകരന്റെ ഹരജിയിലാണ് ഉടൻ വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സുധാകരൻ പുതിയ ഹരജി നൽകിയിരുന്നു. 1995ൽ ഇ.പി ജയരാജനെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്.

ശമ്പളം നൽകാൻ സാവകാശം വേണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍; ധനവകുപ്പിനെതിരെ വിമര്‍ശനം

ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർ ടിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂൺ മാസത്തെ ശമ്പളം നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും  കെഎസ്ആർ ടിസി കോടതിയെ അറിയിച്ചു.

ഇഡിക്കെതിരെ ഒന്നിച്ചു; തോമസ് ഐസക്കിന് സതീശന്‍റെ പൂര്‍ണ പിന്തുണ, ഡീല്‍ എന്തെന്ന് ചോദിച്ച് ബിജെപി

കേരളത്തിലെ അഴിമതിക്കേസുകൾ അട്ടിമറിക്കാൻ എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും സംയുക്ത നീക്കം നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കിഫ്ബിക്കെതിരായ ഇഡി നടപടിയിൽ തോമസ് ഐസക്കിന് പൂര്‍ണ പിന്തുണ അറിയിച്ച വി ഡി സതീശന്‍റേത് ഒത്തുത്തീര്‍പ്പ് രാഷ്ട്രീയമാണ്. പിണറായി – സതീശന്‍ ഡീല്‍ എന്തെന്ന് ജനങ്ങള്‍ക്ക് അറിയണം. വിദേശ പണം സംബന്ധിച്ച കേസ് സതീശനെ വേവലാതിപെടുത്തുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരെ മാറ്റേണ്ട സാഹചര്യമൊന്നും ഇപ്പോഴില്ലെന്ന് കോടിയേരി

സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞങ്ങൾ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മുഴുവൻ പ്രവര്‍ത്തനങ്ങളും ഇത്തവണ ചര്‍ച്ച ചെയ്തു. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തിലുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടയേരി പറഞ്ഞു.