കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം; 12,138 പേർ കഴിഞ്ഞ 9 മാസത്തിനിടെ ചികിത്സ തേടി

കൊച്ചിയിലും തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ് കടിയേറ്റത്. സെപ്റ്റംബർ മാസത്തിൽ മാത്രം 39 പേർക്കാണ് കൊച്ചിയിൽ തെരുവ് നായയുടെ കടിയേറ്റത്. തെരുവ് നായശല്യം പരിഹരിക്കാൻ നടപടി നഗരസഭ സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ട്വന്റിഫോർ എക്‌സ്‌ക്ലുസീവ്.

കമ്പത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; വിമുക്ത ഭടനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ കമ്പത്തിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേ‍ർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത് ലിയോയും ഗൂ‍ഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്കിന് എതിർ ദിശയിൽ നാമക്കൽ സ്വദേശി തങ്കവേലും മകൻ രാജേഷും എത്തിയ ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കവേലിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

‘അമിത് ഷാ ഉപയോ​ഗിക്കുന്നത് 2.5 ലക്ഷത്തിന്റെ സൺ​ഗ്ലാസുകൾ,മഫ്ലറിന് 80,000 രൂപ’; അശോക് ​ഗെഹ്ലോട്ട്

ബിജെപി എന്തിനാണ് ഭാരത് ജോഡോ യാത്രയെപ്പറ്റി ആശങ്കപ്പെടുന്നതെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ​ഗെഹ്ലോട്ട്. രാഹുൽ ​ഗാന്ധിയുടെ ടീ ഷർട്ടിന്റെ വിലയെ ചൊല്ലിയുളള തർക്കത്തിനിടെയാണ് ബിജെപിയെ വിമർശിച്ച് അശോക് ​ഗെഹ്ലോട്ട് രംഗത്തെത്തിയത്. ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്ന വൻ ജനപിന്തുണയിൽ ആശങ്കയിലാണ് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇപ്പോൾ ജോലി ഉപേക്ഷിച്ച് രാഹുലിനെ ആക്രമിക്കുകയാണെന്നും ​ഗെഹ്ലോട്ട് വിമർശിച്ചു.

നീറ്റ്, എഞ്ചിനീയറിം​ഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

2022 മാര്‍ച്ചിലെ പ്ലസ് ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും 2023ലെ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെയും 2022 -ല്‍ നീറ്റ്/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ എഴുതിയിട്ടുള്ളവരാണെങ്കില്‍ അതിന്റെ സ്‌കോറിന്റെയും അടിസ്ഥാനത്തിലുമായിരിക്കും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസ-ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്ത പരിശീലന സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പരീക്ഷാ പരിശീലനം ലഭ്യമാക്കും.

മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും യൂറോപ്പിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. രണ്ടാഴ്ച നീളുന്ന യാത്ര ഒക്ടോബര്‍ ആദ്യമാണ് അരംഭിക്കുക. ഫിന്‍ലന്‍ഡും നേര്‍വേയും മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിക്കും. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ് ക്ഷണിച്ചെന്നാണ് വിശദീകരണം. ഫിന്‍ലന്‍ഡിലെ നോക്കിയ ഫാക്ടറിയും സംഘം സന്ദര്‍ശിച്ചേക്കും.