കെ ടി ജലീലിന്റെ വിവാദ പരാമർശം; കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ഡൽഹി പോലീസ്

കെടി ജലീലിന്റെ ആസാദ് കശ്മീർ പരാമർശത്തില്‍ കേസെടുക്കണമെന്ന ഹര്‍ജിയില്‍ സെപ്റ്റംബർ 12 ന് വാദം തുടരും .കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ദില്ലി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു .കേരളത്തിൽ ഒരു എഫ് ഐ ആര്‍ രജിസ്റ്റർ ചെയ്തു എന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.കെ ടി ജലീലിനെതിരെ ദില്ലി റോസ് അവന്യു കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിക്കാരന്‍ വിശദീകരിച്ചു.

ചോദ്യങ്ങൾ ഉന്നയിക്കുന്ന, സംശയങ്ങൾ പ്രകടിപ്പിക്കുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണം: രാഷ്ട്രപതി

ചോദ്യങ്ങൾ ഉന്നയിക്കുകയും സംശയങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശീലം വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ധ്യാപകരോട് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.. അധ്യാപക ദിനത്തിൽ അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്തംബർ 5 ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ, രാഷ്ട്രപതി ദ്രൗപദി മുർമു, രാജ്യത്തുടനീളമുള്ള 45 അധ്യാപകർക്ക് ദേശീയ അവാർഡുകൾ സമ്മാനിച്ചു.

വിഴിഞ്ഞം സമരം; സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിൽ സമരസമിതിയുമായി ഇനി ചർച്ചയ്ക്ക് മുൻകൈ എടുക്കില്ലെന്ന് സർക്കാർ. സമരസമിതിക്ക് അനാവശ്യ പിടിവാശിയെന്ന് സർക്കാർ ആരോപിച്ചു. തുറമുഖ നിർമാണം നിർത്തിവെക്കാൻ ഒരു തരത്തിലും സാധിക്കില്ല. പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുന്നു.ചെയ്യാൻ ആവുന്ന കാര്യങ്ങളിൽ സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ പറഞ്ഞു.

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

എം ബി രാജേഷ് പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എം വി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ചു വീഴ്ത്തി, നിർത്താതെ പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിർത്താതെ പോയ സംഭവത്തില്‍ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ്‌ ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കട്ടപ്പന സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്പെൻഡ്‌ ചെയ്തത്.