സ്വർണവില വീണ്ടും കൂടി; രണ്ട് ദിവസംകൊണ്ട് ഉയർന്നത് 400 രൂപ

സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു. 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉയർന്നത്. ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. ഇന്നലെയും 200 രൂപയാണ് ഉയർന്നത്. 38000 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ ഉണ്ടായ തർക്കം സ്വർണവില കുത്തനെ കുറയാൻ കാരണമായിരുന്നു. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും വൻകിട ജ്വല്ലറികളും തമ്മിലാണ് തർക്കം.

പത്താം ക്ലാസ് പരീക്ഷയെഴുതിയ ഒരുകുട്ടി പോലും ജയിച്ചില്ല; 34 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടാൻ അസം

ഈ വർഷം മാർച്ചിൽ നടന്ന പത്താം ക്ലാസ് പരീക്ഷയിൽ ഒരുകുട്ടി പോലും ജയിക്കാത്ത 34 ​ഗവൺമെന്റ് സ്കൂളുകൾ അടച്ചുപൂട്ടാൻ അസം സർക്കാർ. 34 സ്കൂളുകളിലായി ആയിരത്തിലേറെ വിദ്യാർഥികൾ പരീക്ഷയെഴുതിയെങ്കിലും ഒരാൾക്ക് പോലും വിജയിക്കാൻ സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ തീരുമാനിച്ചത്. വിജയശതമാനം ഇല്ലാത്ത സ്‌കൂളുകൾക്കായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് അർത്ഥശൂന്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു പറഞ്ഞു. വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളുകളുടെ പ്രാഥമിക കടമ.

സുഡാനില്‍ കനത്ത മഴയിൽ 83 പേർ മരിച്ചു

യൂറോപ്പിന്റെ തെക്ക് ഭാഗത്തും വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കന്‍ പ്രദേശങ്ങളിലും അതിരൂക്ഷമായ വളര്‍ച്ചയും ഉഷ്ണതരംഗവും അനുഭവപ്പെടുമ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കനത്ത മഴ പെയ്യുകയാണ്. ഇതേതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 83 ആയി ഉയര്‍ന്നു. മഴക്കാലത്തിന്റെ തുടക്കം മുതല്‍ രാജ്യത്ത് രേഖപ്പെടുത്തിയ മരണ സംഖ്യയാണിതെന്ന് അധിക‍ൃതര്‍ അറിയിച്ചു. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.

ലാവലിന്‍ കേസ്: സെപ്റ്റംബര്‍ 13ന് സുപ്രീംകോടതി പരിഗണിയ്ക്കും

എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സെപ്റ്റംബര്‍ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ഈ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്.

ഓണകിറ്റ് വിതരണം നിർത്തി വെച്ചു

ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് 25, 26, 27 തീയതികളില്‍ പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ ഒരുമിച്ച് റേഷന്‍ കടകളിലേക്ക് എത്തുന്നതോടെയാണ് സെര്‍വര്‍ തകരാറിലാകുന്നത്.