തൃശൂരിൽ നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മാള പുത്തൻചിറയിൽ കഴിഞ്ഞ ദിവസം നാല് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇന്നലെയാണ് പുത്തൻചിറ സ്വദേശികളായ ലീല, ജീവൻ, തങ്കമണി, മാലിനി എന്നീ നാല് പേർക്ക് നായയുടെ കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ്പ് നൽകിയിട്ടുണ്ട്. നാട്ടുകാര്‍ ഉടൻ നായയെ പിടികൂടി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റവരുടെ നിരീക്ഷണം തുടരും.

ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു; വിലക്കയറ്റം പിടിച്ചു നിർത്താൻ എന്ന് വിശദീകരണം

രാജ്യത്ത് ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിർത്താനാണ് നടപടി എന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. ഗോതമ്പ് മാവിന്‍റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും കേന്ദ്രം നിരോധിച്ചിരുന്നു. യുക്രൈൻ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയിൽ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു.

തെരുവ് നായ കടിച്ചുള്ള മരണം; ഗൗരവമായി പരിശോധിക്കുമെന്ന് വീണ ജോർജ്

തെരുവ് നായ ആക്രമണങ്ങൾ ഗണ്യമായി കൂടുന്ന സാഹചര്യത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവങ്ങളിൽ വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. വാക്സിൻ സംബന്ധിച്ച് അനാവശ്യ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശിച്ചു. തെരുവ് നായകളുടെ കടിയേറ്റ് മരണപെട്ടവരിൽ ബഹുഭൂരിപക്ഷവും വാക്‌സിനെടുത്തിരുന്നില്ല. വാക്‌സിനെടുത്തിട്ടും മരിച്ചവർ തലച്ചോറിലേക്ക് വൈറസ് പെട്ടെന്ന് എത്തുന്നതരത്തിലുള്ള മുറിവ് ഉള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

നുഴഞ്ഞുകയറ്റ ശ്രമം; ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാൽക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.

കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും,സമവായമായില്ല, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മാറ്റി വക്കും

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും.അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും സാധിച്ചിട്ടില്ല. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്താണ്. അദ്ധ്യക്ഷ പദം ഏറ്റെടുക്കുന്നതില്‍ ഇരുവരും വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കുടംബത്തിന് പുറത്തു നിന്നൊരാള്‍ ഈ സാഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും ചില നേതാക്കള്‍ മുന്നോട്ട് വക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള ഭിന്നതയാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ നീളാന്‍ കാരണം.