അട്ടപ്പാടി മധുകൊലക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ

അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ്, മണ്ണാ‍ർക്കാട് എസ്‍സി-എസ്‍ടി കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. തിങ്കളാഴ്ച വരെയാണ് ഇടക്കാല സ്റ്റേ. കേസിലെ രേഖകൾ വിളിച്ചു വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കിയതിനെതിരെ പ്രതികൾ നൽകിയ ഹർജി പരിഗണിക്കവേ, വിചാരണ കോടതിക്ക് എങ്ങനെ ജാമ്യം റദ്ദാക്കാനാകുമെന്ന് കോടതി ചോദിച്ചിരുന്നു.

അശോക് ഗെഹ്‌ലോട്ട്‌ കോൺഗ്രസ് അധ്യക്ഷനാകണം; ആവശ്യവുമായി സോണിയ ഗാന്ധി

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്‌ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് നിലവിലെ അധ്യക്ഷ സോണിയ ഗാന്ധി. സോണിയയുമായി ഇന്നലെ ഗെഹ്‌ലോട്ട്‌ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് അധ്യക്ഷനാകണം എന്ന ആവശ്യം സോണിയ ഗാന്ധി മുന്നോട്ടുവച്ചത്. എന്നാൽ വിഷയത്തിൽ ഗെഹ്‌ലോട്ട്‌ പ്രതികരിച്ചിട്ടില്ല. അധ്യക്ഷനാകാൻ ഇല്ലെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് രാഹുൽ.

‘സർവ്വകലാശാലകൾ കുഴപ്പത്തിലാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിയല്ല’; ആർ ബിന്ദു

പ്രിയ വര്‍ഗീസിന്റെ നിയമനം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സര്‍വകലാശാലകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. റോജി എം ജോണാണ് അനുമതി തേടിയത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.സര്‍വകലാശാലകള്‍ മുഴുവന്‍ കുഴപ്പത്തിലാണെന്ന രീതിയിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ഉന്നയിച്ചിട്ടുള്ളതെന്നും, അത് ശരിയല്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

‘ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം അടിച്ചേൽപ്പിക്കില്ല ‘ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്.

സുപ്രീംകോടതിയിൽ ജാമ്യാപേക്ഷയുമായി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പൻ

ഹാഥ്റസ് കൂട്ടബലാത്സം​ഗ കൊലക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകവെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രിംകോടതിയിൽ. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരി​ഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് കാപ്പൻ സുപ്രിംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ധീഖ് കാപ്പന്‍ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്.