കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ പോസ്റ്ററിൽ രാഷ്ട്രീയ വിവാദം

കുഞ്ചാക്കോ ബോബൻ നായകനായി ഇന്നു പുറത്തിറങ്ങിയ ‘ന്നാ താൻ കേസു കൊട്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദം. ദിനപ്പത്രങ്ങളിൽ ഉൾപ്പെടെ നൽകിയ പരസ്യത്തിൽ ഉൾപ്പെടുത്തിയ ഒരു പരസ്യ വാചകത്തെച്ചൊല്ലിയാണ് തർക്കം. ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്. എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് വിവാദത്തിന് കാരണമായത്. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററാണ് ഇതെന്നാണ് വിമർശകരുടെ വാദം.

വിദ്യാർത്ഥിനിയ്ക്ക് ലഹരി നൽകി പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം

കണ്ണൂരിൽ ലഹരി നൽകി സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.

ത്രിവര്‍ണ്ണമായി ഇടുക്കി ചെറുതോണി ഡാം; വര്‍ണ്ണകാഴ്ച

സ്വാതന്ത്ര്യത്തിന്‍റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഒരുക്കി ഹൈഡൽ ടൂറിസം വകുപ്പ് ത്രിവർണ ദൃശ്യവിരുന്നൊരുക്കി.തുറന്ന ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുകിവരുന്ന വെള്ളത്തിലേക്കാണ് ലൈറ്റ് പതിപ്പിച്ചാണിത് സൃഷ്ടിച്ചത്.  സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഹൈഡൽ ടൂറിസം വകുപ്പ് ഈ ദൃശ്യവിരുന്ന് ഒരുക്കിയത്.

കരുവന്നൂർ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു

കരുവന്നൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിവന്ന റെയ്ഡ് അവസാനിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് അവസാനിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ ആരംഭിച്ച പരിശോധന 20 മണിക്കൂറോളം നീണ്ടു. റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടിൽ നിന്ന് ആധാരം ഉൾപ്പടെയുള്ള രേഖകളുടെ പകർപ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവിൽ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചു.

സ്വർണ വില കുറഞ്ഞു; ഇന്നത്തെ വില അറിയാം

സ്വർണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി. 38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വർണത്തിന്റെ വില.