വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോൺഗ്രസ് നേതാവ് ഫർസീനെതിരെ കാപ്പ ചുമത്താൻ ശുപാർശ

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ പൊലീസ് ശുപാർശ. കണ്ണൂർ ഡി.ഐ.ജിയാണ് കലക്ടർക്ക് ശുപാർശ നൽകിയത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസിലെ പ്രതിയാണ് ഫർസിൻ മജീദ്. 2016 മുതൽ ഫർസിൻ മജീദിന്റെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം മട്ടന്നൂർ പൊലീസ് ശേഖരിച്ചിരുന്നു. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്താനുള്ള ശുപാർശ കണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർ കലക്ടർക്ക് കൈമാറിയിരിക്കുന്നത്.