കൊച്ചിയിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാറൊഴിച്ച സംഭവം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി ചെലവന്നൂരിൽ വഴിയാത്രക്കാർക്ക് നേരെ ഉരുകിയ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവത്തിൽ പൊലീസ് കസ്റ്റഡിൽ എടുത്തവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സംഭവത്തിൽ 8 പേരെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പൻ എന്നയാളാണ് ടാർ ഒഴിച്ചതെന്നാണ് സൂചന. ഇയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് പരുക്കേറ്റവരുടെ പരാതി.